കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്നു; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത. സിംഗു അടക്കമുള്ള മേഖലകളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. കര്‍ഷകര്‍ സ്വന്തം നിലയ്ക്കും സമരകേന്ദ്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷക നേതാക്കള്‍ നിരാഹാര സത്യഗ്രഹം നടത്തും. ഇതിനിടെ, ഗാസിപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അറുപത്തിയാറാം ദിവസത്തിലേക്ക് കടന്നു.

കഴിഞ്ഞ രണ്ട് ദിവസവും സിംഗുവില്‍ സംഘടിച്ചെത്തിയവര്‍ കര്‍ഷകര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചെന്നും സ്ഥലം ഒഴിയണമെന്നുമായിരുന്നു ആവശ്യം. പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്നലെ കല്ലേറിലും ലാത്തിചാര്‍ജിലുമാണ് കാര്യങ്ങള്‍ അവസാനിച്ചത്. ഇന്ന് കൂടുതല്‍ പേര്‍ സംഘടിച്ചെത്തുമെന്ന് കര്‍ഷകര്‍ സംശയിക്കുന്നുണ്ട്.

തിക്രിയിലും ഷാജഹാന്‍പുരിലും സമാനമാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ സമരകേന്ദ്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് ചെറുപ്പക്കാരായ കര്‍ഷകര്‍. അക്രമം നടത്തുന്നത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നുമാണ് കര്‍ഷക നേതാക്കളുടെ ആരോപണം. ഇന്നലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 44 പേരെ അറസ്റ്റ് ചെയ്തുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷകര്‍ സദ്ഭാവന ദിനമായി ആചരിക്കും. പ്രക്ഷോഭ കേന്ദ്രങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ കര്‍ഷക നേതാക്കള്‍ ഉപവാസമിരിക്കും.

Story Highlights – farmers protest singhu border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top