Advertisement

നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

February 2, 2021
Google News 2 minutes Read

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ- സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കമാകും. എകെജി സെന്ററില്‍ രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും തുടര്‍ന്നുള്ള രണ്ടുദിവസങ്ങളിലെ സംസ്ഥാന സമിതിയിലും ഇക്കാര്യങ്ങളില്‍ പ്രാഥമിക ധാരണയുണ്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള മാനദണ്ഡങ്ങളില്‍ വിജയസാധ്യത നോക്കി ഇളവ് നല്‍കുന്ന കാര്യം യോഗം പരിഗണിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് സിപിഐഎം നിയമസഭാ അങ്കത്തിന് ഒരുങ്ങുന്നത്. പിഴവില്ലാത്ത സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഒന്നാംഘട്ടം. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. തദ്ദേശ തെരഞ്ഞെടുപ്പു മാതൃകയില്‍ യുവജന-പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും പട്ടിക തയാറാക്കുക. വിജയസാധ്യത കണക്കിലെടുത്ത് തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് വരുത്തും. സെക്രട്ടേറിയറ്റംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണം, മന്ത്രിമാര്‍ എത്രപേര്‍ വീണ്ടും മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്.

സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ വിജയ സാധ്യതയെ ബാധിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം ലഭിക്കും. സീറ്റ് വിഭജനമാണ് മറ്റൊരു തലവേദന. കേരളാ കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ പുതിയ കക്ഷികള്‍ക്ക് സീറ്റുകള്‍ കണ്ടെത്തണം. സിപിഐഎമ്മിന്റെ കൈവശമിരിക്കുന്ന ഏതൊക്കെ സീറ്റുകള്‍ വിട്ടുകൊടുക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം യോഗങ്ങളിലുണ്ടാകും.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് അടക്കമുള്ള ചെറുകക്ഷികളില്‍ നിന്ന് സീറ്റുകള്‍ ഏറ്റെടുക്കാനും ധാരണയായിട്ടുണ്ട്. ഇടഞ്ഞു നില്‍ക്കുന്ന എന്‍സിപിയെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങളാണ് മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയം. നേതൃയോഗങ്ങള്‍ക്ക് പിന്നാലെ ഉഭയകക്ഷി ചര്‍ച്ചകളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിഗും സംസ്ഥാനകമ്മിറ്റി യോഗത്തില്‍ നടക്കും.

Story Highlights – Assembly elections; CPIM leadership meetings begin today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here