Advertisement

രണ്ടു ടേം നിബന്ധന; സിപിഐഎമ്മില്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരിക മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖര്‍

February 3, 2021
1 minute Read

രണ്ടുടേം സമാജികരായവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സിപിഐഎം ഒഴിവാക്കിയാല്‍ മാറിനില്‍ക്കേണ്ടി വരിക മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖര്‍. സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയ വി.എസ്. അച്യുതാനന്ദന്‍ മാത്രമാണ് വീണ്ടും മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പുള്ളത്. അനിവാര്യമായ സാഹചര്യത്തില്‍ രണ്ടുടേം നിബന്ധനയില്‍ ഇളവ് നല്‍കുമെങ്കിലും പരമാവധി നടപ്പിലാക്കാനാണ് സിപിഐഎം തീരുമാനം.

തുടര്‍ച്ചയായി നാലുവട്ടം മലമ്പുഴയില്‍ നിന്നും വിജയിച്ച വി.എസ്.അച്യുതാനന്ദന്‍ ഇക്കുറി മത്സരരംഗത്തുണ്ടാവില്ല. മന്ത്രിമാരില്‍ എ.കെ.ബാലന്‍, ജി.സുധാകരന്‍, ടി.എം.തോമസ് ഐസക്ക്, ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ രണ്ടും അതിലേറേയും ടേം പൂര്‍ത്തിയാക്കിയവരാണ്. ഇവരില്‍ ആരൊക്കെ ഇക്കുറി കളത്തിലുണ്ടാവുമെന്ന് കാത്തിരുന്നു കാണണം. സ്വതന്ത്രനാണെങ്കിലും കെ.ടി.ജലീലും ടേംപരിധി പിന്നിട്ടു.

ആറ്റിങ്ങലില്‍ ബി.സത്യനും കൊട്ടാരക്കരില്‍ ഐഷ പോറ്റിയും ചാലക്കുടിയില്‍ ബി.ഡി. ദേവസിക്കും ബാലുശേരിയില്‍ പുരുഷന്‍ കടലുണ്ടിയും പയ്യന്നൂരില്‍ സി.കൃഷ്ണനും കൊയിലാണ്ടിയില്‍ കെ.ദാസനും കല്യാശേരിയില്‍ ടി.വി.രാജേഷിനും തളിപ്പറമ്പ് ജയിംസ് മാത്യുവിനും ഉദുമയില്‍ കെ.കുഞ്ഞിരാമനും ടേം നിബന്ധന പാലിച്ചാല്‍ ഇക്കുറി സീറ്റ് ലഭിച്ചേക്കില്ല.

മാവേലിക്കരയില്‍ ആര്‍.രാജേഷ്, റാന്നിയില്‍ രാജു ഏബ്രഹാം, ദേവികുളത്ത് എസ്.രാജേന്ദ്രന്‍, വൈപ്പിനില്‍ എസ്.ശര്‍മ്മ, ഗുരുവായൂര്‍ കെ.വി.അബ്ദുള്‍ ഖാദര്‍, പൊന്നാനിയില്‍ പി.ശ്രീരാമകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്ത് എ.പ്രദീപ് കുമാര്‍ എന്നിവര്‍ രണ്ടോ അതിലധികമോ ടേമുകളായി വിജയിക്കുന്നുണ്ടെങ്കിലും പ്രാദേശികസാഹചര്യം കൂടി കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഇളവ് ലഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരേയും വിവിധ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യാഴാഴ്ച സംസ്ഥാന സമിതി കൂടി അവസാനിക്കുമ്പോഴേ ചിത്രം കൂടുതല്‍ വ്യക്തമാകൂ.

Story Highlights – assembly election – Two-term condition CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top