അസ്‌ഹറുദ്ദീനെ ട്രയൽസിനു ക്ഷണിച്ച് മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും

കേരളാ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്‌ഹറുദ്ദീനെ ട്രയൽസിനു ക്ഷണിച്ച് ഐപിഎൽ ടീമുകളായ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും. രാജസ്ഥാൻ റോയൽസിനു വേണ്ടിയുള്ള ട്രയൽസാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനായുള്ള ട്രയൽസ് അവസാനിച്ചു. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നടത്തിയ പ്രകടനമാണ് അസ്‌ഹറുദ്ദീനെ ഐപിഎൽ ഫ്രാഞ്ചൈസികളുടെ റഡാറിലെത്തിച്ചത്.
Read Also : ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ
മുംബൈയിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ശേഷം അസ്‌ഹറുദ്ദീൻ നേരെ പോയത് മുംബൈ ഇന്ത്യൻസ് ട്രയൽസിനായിരുന്നു. മുംബൈക്കായുള്ള 2 ദിവസത്തെ ട്രയൽസ് പൂർത്തിയാക്കിയതിനു ശേഷമാണ് താരം അവിടെ നിന്ന് മടങ്ങിയത്. നിലവിൽ നാഗ്പൂരിലാണ് രാജസ്ഥാൻ റോയൽസിനു വേണ്ടിയുള്ള ട്രയൽസ് നടക്കുന്നത്. ഇന്നലെയും ഇന്നുമായാണ് രാജസ്ഥാൻ്റെ ട്രയൽസ്. ഈ മാസം ആരംഭിക്കാനിരിക്കുന്ന താരലേലത്തിൽ അസ്‌ഹറുദ്ദീനെ ഇരു ടീമുകളിൽ ഏതെങ്കിലും സ്വന്തമാക്കിയേക്കും. മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് തന്നെ അസ്‌ഹറുദ്ദീനെ ടീമിൽ എടുക്കാനാണ് ഏറെ സാധ്യത.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരെ നടത്തിയ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 37 പന്തുകളിൽ സെഞ്ചുറി തികച്ച താരം ഈ നേട്ടത്തിലൂടെ വേഗമേറിയ ടി-20 സെഞ്ചുറി കുറിച്ച ഇന്ത്യക്കാരുടെ പട്ടികയിൽ രണ്ടാമതെത്തിയിരുന്നു.
ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ വച്ചാണ് നടക്കുക. അടുത്ത സീസൺ ഐപിഎൽ ഇന്ത്യയിൽ വച്ച് തന്നെ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
Story Highlights – azharuddin trials for rajasthan royals and mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here