അയോധ്യയിലെ മുസ്ലിം പള്ളിക്ക് നൽകിയ സ്ഥലം ഞങ്ങളുടേത്; അവകാശവാദവുമായി ഡൽഹി സ്വദേശിനികൾ

അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിനു നൽകിയ അഞ്ചേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡൽഹി സ്വദേശിനികളായ രണ്ട് സഹോദരിമാർ. ഡൽഹി സ്വദേശിനികളായ റാണി കപൂർ, രമാ റാണി എന്നിവരാണ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഈ മാസം എട്ടിനു പരിഗണിക്കും.
തങ്ങളുടെ പിതാവ് ഗ്യാൻ ചന്ദ്രയുടെ പേരിലുള്ള 28 ഏക്കറിൽ പെട്ട സ്ഥലമാണ് വഖഫ് ബോർഡിനു കൈമാറിയതെന്ന് ഹർജിയിൽ പറയുന്നു. വിഭജന കാലത്ത് പഞ്ചാബിൽ നിന്നെത്തിയ പിതാവ് ഫൈസാബാദിൽ താമസം ആരംഭിക്കുകയായിരുന്നു. അപ്പോഴാണ് 28 ഏക്കർ ഭൂമി അദ്ദേഹത്തിനു പതിച്ചുകിട്ടിയത്. അതിനു ശേഷവും ഭൂമി അദ്ദേഹത്തിൻ്റെ പേരിൽ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also : അയോധ്യ മുസ്ലിം പള്ളിയുടെ നിർമ്മാണം ആരംഭിച്ചു
പിന്നീട് രേഖകളിൽ നിന്ന് പിതാവിൻ്റെ പേര് നീക്കം ചെയ്തു. ഇതിനെതിരെ നൽകിയ അപ്പീലിനെ തുടർന്ന് വീണ്ടും രേഖകളിൽ പിതാവിൻ്റെ പേര് ചേർത്തു. എന്നാൽ, കൺസോളിഡേഷൻ ഓഫിസർ വീണ്ടും പേരു നീക്കം ചെയ്തു. ഇതിനെതിരായ അപ്പീൽ സെറ്റിൽമന്റ് ഓഫിസറുടെ പരിഗണനയിലിരിക്കെയാണ് ഭൂമി വഖഫ് ബോർഡിനു നൽകിയത്. അപ്പീലിൽ തീരുമാനം ആകുന്നതു വരെ ഭൂമി വഖഫ് ബോർഡിനു വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
അതേസമയം, റിപ്പബ്ലിക് ദിനത്തിൽ മുസ്ലിം പള്ളിയുടെ പണി തുടങ്ങിയിരുന്നു. ദേശീയ പതാക ഉയർത്തിയാണ് പള്ളി നിർമ്മാണത്തിനു തുടക്കമിട്ടത്. അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിലുള്ള അഞ്ചേക്കർ സ്ഥലത്താണ് പള്ളി നിർമ്മിക്കുക. അയോധ്യ തർക്കഭൂമിയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയെ തുടർന്നാണ് പള്ളിക്ക് പ്രത്യേക സ്ഥലം അനുവദിച്ചത്.
Story Highlights – sisters From Delhi claim ownership of land offered for Ayodhya mosque
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here