കാണുന്ന സിനിമയ്ക്ക് മാത്രം പണം; സ്ട്രീമിംഗ് സേവനം അവതരിപ്പിച്ച് ബുക്ക്‌മൈഷോ

സ്ട്രീമിംഗ് സേവനം അവതരിപ്പിച്ച് പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനമായ ബുക്ക്മൈഷോ. കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കുന്ന വീഡിയോ ഓൺ ഡിമാൻഡ് സേവനമാണ് ബുക്ക്മൈഷോ അവതരിപ്പിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ സ്ട്രീം എന്ന പേരിലാണ് ഈ സംവിധാനം.
ഉപയോഗിക്കുന്ന ഉള്ളടക്കത്തിന് അനുസരിച്ച് പണം ഈടാക്കുന്ന സംവിധാനമാണ് ബുക്ക്‌മൈഷോ സ്ട്രീം. വർഷത്തിലോ മാസത്തിലോ വരിസംഖ്യ ഈടാക്കുന്നതാണ് നിലവിൽ പല വിഡിയോ സ്ട്രീമിംഗ് സേവനങ്ങളുടെയും രീതി. എന്നാൽ, കാണുന്ന വിഡിയോയ്ക്ക് അനുസരിച്ച് പണം ഈടാക്കുന്ന രീതിയാണ് ബുക്ക്‌മൈഷോ സ്വീകരിച്ചിരിക്കുന്നത്. ബുക്ക്മൈഷോ ആപ്പിലും ആൻഡ്രോയ്ഡ്, ആപ്പിൾ ടിവി അടക്കം വിവിധ പ്ലാറ്റ്ഫോമുകളിലും ഈ സേവനം ലഭ്യമാണ്.
ടെനറ്റ്, വണ്ടർ വുമൺ തുടങ്ങി 600 ചിത്രങ്ങളുമായാണ് സേവനം ആരംഭിച്ചത്. സിനിമ വാടകയ്ക്ക് എടുക്കുകയോ വാങ്ങുകയോ ആവാം. വാടകയ്ക്ക് എടുക്കുന്നതിനെക്കാൾ കൂടുതൽ തുക സിനിമ വാങ്ങാൻ ചെലവഴിക്കണം. പല സിനിമകൾക്കും പല തുകയാണ്. സോണി പിക്ചേഴ്സ്, വാർണർ ബ്രോസ്, യൂണിവേഴ്സൽ പിക്ചേഴ്സ് എന്നീ രാജ്യാന്തര സിനിമാ നിർമ്മാണ കമ്പനികളുമായി ബുക്ക്‌മൈഷോ കരാർ ഉണ്ടാക്കിയിട്ടുണ്ട്.
Story Highlights – BookMyShow Stream Video-On-Demand Streaming Platform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here