ഉത്തരാഖണ്ഡിൽ ഉണ്ടായത് കോടികളുടെ നഷ്ടം; 150 പേരെ ഇനിയും കണ്ടെത്താനായില്ല

മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടയത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ട 150 ഓളം പേരെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

മൂവായിരം കോടി രൂപയോളം ചെലവഴിച്ചാണ് സംസ്ഥാന എൻടിപിസി ലിമിറ്റഡ് 520 മെഗാവാട്ടിന്റെ തപോവൻ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് നിർമിച്ചത്.
കാണാതായവരിലേറെയും വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയിലെ തൊഴിലാളികളാണ്. തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി)രക്ഷിച്ചു. 16 പേരെ രക്ഷിച്ചെന്നും അനൗദ്യോഗിക കണക്കുണ്ട്. പ്രതികൂല കാലാവസ്ഥയെ നേരിട്ട രക്ഷാപ്രവർത്തകർ മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണ് വീണ് മൂടിക്കിടക്കുന്ന ടണലുകൾ തുറന്ന് രക്ഷാപ്രപർത്തനം നടത്തുകയാണ്. ഈ ടണലുകളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കിൽ മാത്രമേ എത്ര പേർ ദുരന്തത്തിന് ഇരയായെന്ന് വ്യക്തമാകൂ. രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി ഡൽഹിയിൽ നിന്ന് വായുസേനാ സംഘം പ്രത്യേക വിമാനത്തിൽ ഡെറാഡൂണിൽ എത്തി. ഇവർ പുലർച്ചെ തന്നെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ട ഋഷികേശ് ജോഷിമഠ് മാനാ റോഡ്, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഗതാഗത യോഗ്യമാക്കി. പ്രളയത്തിൽ 125 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. കുത്തൊഴുക്കിൽ അകപ്പെട്ടതായി കരുതുന്ന 150 പേർ രക്ഷപ്പെടാൻ സാധ്യത വിരളമാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ദുരന്ത നിവാരണ സേനയും വ്യക്തമാക്കി.

ഇരുപതോളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സർക്കാർ നാല് ലക്ഷം രൂപയും കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു.

Story Highlights – Uttarakhand glacier burst: 20 bodies recovered 150 still missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top