ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്

g sukumaran nair

ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്. ശബരിമല സ്ത്രീ പ്രവേശനം സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടത്തിന് വിശ്വാസികളെ സ്വാധീനിക്കാന്‍ ശബരിമലയെ ഉപയോഗിക്കുന്നുവെന്നും ആരോപണം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിമർശനം ആവർത്തിച്ച എൻഎസ്എസ് ആദ്യമായി യുഡിഎഫിനെതിരെയും രംഗത്തെത്തി. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച അഞ്ചംഗ വിധിക്കെതിരെ മൂന്ന് മുന്നണികളും ഇടപെടൽ നടത്തിയില്ലെന്ന് വിമർശനം. കേന്ദ്രഭരണം കൈയിലിരിക്കെ ബിജെപിക്ക് നിയമനിർമ്മാണത്തിലൂടെ പ്രശ്നം പരിഹരിക്കാമായിരുന്നില്ലേ എന്ന് എൻഎസ്എസിൻ്റെ ചോദ്യം.

വിശ്വാസം സംരക്ഷിക്കാൻ താല്പര്യമുണ്ടെങ്കിൽ, നിയമനിർമാണത്തിലൂടെയോ സത്യവാങ്മൂലം തിരുത്തിയോ സംസ്ഥാന സർക്കാരിന് ഇടപെട്ടു കൂടേ? പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ നിയമസഭയിൽ ഇടപെടൽ നടത്താതിരുന്ന യുഡിഎഫ് അധികാരത്തിലെത്തിയാൽ നിയമം പാസാക്കും എന്ന് പറയുന്നതിന് ആത്മാർത്ഥതയില്ല എന്ന് വിമർശനം.

തെരഞ്ഞെടുപ്പിൽ രാഷ്ടീയ നേട്ടത്തിന് വിശ്വാസികളെ സ്വാധീനിക്കാൻ ശബരിമലയെ ഉപയോഗിക്കാനാണ് നീക്കമെന്ന് ജി സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. കോടതി വിധി നടപ്പായാൽ അത് സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും ആചാരങ്ങളെ ബാധിക്കുമെന്നും എൻഎസ്എസ് ആശങ്ക പ്രകടിപ്പിച്ചു. അന്തിമ ഫലം വിശ്വാസികൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയും വാർത്താക്കുറിപ്പിൽ ഉണ്ട്. ബിജെപിക്ക് പിന്നാലെ യുഡിഎഫും വിശ്വാസ സംരക്ഷണം പ്രചാരണ വിഷയമാക്കിയതോടെ, വിധി വന്നാൽ വിശ്വാസികളുമായി വിഷയം ചർച്ച ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നു മുന്നണികൾക്കും എതിരെ എൻഎസ്എസ് രംഗത്തെത്തിയത്.

Story Highlights – sabarimala, nss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top