രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാൽ കോലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചേക്കും: മോണ്ടി പനേസർ

lose Kohli Monty Panesar

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടാൽ വിരാട് കോലി നായക സ്ഥാനം രാജിവെച്ചേക്കും എന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. കോലി നയിച്ച അവസാന നാല് ടെസ്റ്റുകളിലും ഇന്ത്യ പരാജയപ്പെട്ടു എന്നും രഹാനെ ഇന്ത്യയെ നന്നായി നയിച്ചു എന്നും പനേസർ പറഞ്ഞു. വിയോണിനു നൽകിയ അഭിമുഖത്തിലാണ് കോലിയുടെ പ്രതികരണം.

“എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് കോലി. എന്നാൽ അദ്ദേഹത്തിനു കീഴിൽ ടീം മികവ് കാണിക്കുന്നില്ല. കോലി നായകനായ കഴിഞ്ഞ 4 ടെസ്റ്റുകളുടെ ഫലം നമുക്ക് മുൻപിലുണ്ട്. തുടരെ നാല് ടെസ്റ്റ് തോറ്റുകഴിഞ്ഞു. രഹാനെ ഇന്ത്യയെ നന്നായി നയിച്ചതുകൊണ്ട് കോലിക്ക് ഇപ്പോൾ കൂടുതൽ സമ്മർദ്ദം ഉണ്ടാവും. ടെസ്റ്റിലും തോറ്റാൽ, അദ്ദേഹം നായകസ്ഥാനം ഉപേക്ഷിക്കും എന്നാണ് എനിക്ക് തോന്നുന്നത്.”- പനേസർ പറഞ്ഞു.

Read Also : ടെസ്റ്റ് റാങ്കിംഗിൽ കോലിയെ മറികടന്ന് ജോ റൂട്ട്; 2017നു ശേഷം ആദ്യം

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ 227 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 50 റൺസ് നേടി.

മത്സരത്തിൽ വിജയിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ തലപ്പത്തെത്തി. 70.2 ശതമാനം പോയിൻ്റാണ് ഇപ്പോൾ ഇംഗ്ലണ്ടിന് ഉള്ളത്. ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്കിറങ്ങി. 68.3 ശതമാനം പോയിൻ്റാണ് ഇന്ത്യക്ക് ഉള്ളത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇംഗ്ലണ്ട് സജീവമാക്കി.

Story Highlights – ‘If India lose 2nd Test, I think Kohli will step down from his role’: Monty Panesar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top