കരമന–കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ടം നാടിന് സമർപ്പിച്ചു

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കരമന–കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ബാലരാമപുരം കൊടിനട മുതൽ പ്രാവച്ചമ്പലം വരെയുള്ള അഞ്ചു കിലോമീറ്റർ പാതയുടെ നിർമാണമാണ് പൂർത്തിയായത്. 112 കോടിയാണ് നിർമാണച്ചിലവ്.
ആധുനിക രീതിയിൽ ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡം അനുസരിച്ച് 30.2 മീറ്റർ വീതിയിലാണ് ബാലരാമപുരം കൊടിനട മുതൽ പ്രാവച്ചമ്പലം വരെയുള്ള അഞ്ചു കിലോമീറ്റർ പാതയുടെ നിർമാണം. പാതയുടെ ഇരുവശത്തും രണ്ടുവരി ഗതാഗതത്തിനും ഒരോ വരി പാർക്കിങ്ങിനുമായാണ് അനുവദിച്ചിരിക്കുന്നത്. വളവുകളിൽ 65 കിലോമീറ്റർ വേഗത അനുവദിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപന. കേരളത്തിൽ
നടപ്പിലാക്കാൻ കഴിയില്ലെന്ന് കരുതിയ പദ്ധതികൾ പോലും നടപ്പിലാക്കാനായെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാത വികസന വിഷയത്തിൽ കേന്ദ്രവുമായി തർക്കത്തിന് പോയിട്ടില്ലെന്നും വികസന പ്രവർത്തനങ്ങളിൽ യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി.
പാത കടന്നുപോകുന്ന മേഖലകളിലും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മീഡിയനുകളിൽ 250 തെരുവ് വിളക്കുകളും നാല് പ്രധാന ജംക്‌ഷനുകളിൽ സിഗ്നൽ ലൈറ്റുകളും ഹൈ മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കെൽട്രോണിനാണ് സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തന, സംരക്ഷണ ചുമതല. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് രണ്ടു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കിയത്.
Story Highlights – Second phase of the Karamana-Kaliyikavila National Highway has been inaugurated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here