ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ മുതൽ; ഇന്ത്യക്ക് ജയം അനിവാര്യം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ മുതൽ. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതുകൊണ്ട് തന്നെ ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഈ മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്ഥാനവും ഇന്ത്യക്ക് നഷ്ടമാവും. മത്സരം കാണാൻ സ്റ്റേഡിയത്തിൽ കാണികളുണ്ടാവും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. 50 ശതമാനം കാണികളെയാണ് ബിസിസിഐ അനുവദിച്ചിരിക്കുന്നത്.
Read Also : ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ്; നാല് മാറ്റങ്ങളുമായി ഇംഗ്ലണ്ട്
അക്സർ പട്ടേൽ ഫിറ്റ്നസ് വീണ്ടെടുത്തതോടെ ഷഹബാദ് നദീം പുറത്താവുമെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നദീമിനു പകരം അക്സർ എത്തും എന്നാണ് കരുതപ്പെടുന്നത്. സ്പിൻ ഓൾറൗണ്ടർ റോളിൽ അക്സർ ഇറങ്ങുന്നതോടെ വാഷിംഗ്ടൺ സുന്ദറിനു പകരം സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ പരിഗണിക്കാനുള്ള സാധ്യതയും ഉണ്ട്. ആദ്യ ദിനം മുതൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് രണ്ടാം ടെസ്റ്റിനായി അണിയിച്ചൊരുക്കുക എന്ന റിപ്പോർട്ടുകൾ ഈ സാധ്യത വർധിപ്പിക്കുന്നുണ്ട്. ആദ്യ കളിയിൽ നിരാശപ്പെടുത്തിയ രോഹിത് ശർമ്മയ്ക്ക് പകരം ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ എന്നിവരിൽ ആരെയെങ്കിലും പരീക്ഷിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. എന്നാൽ, ഹോം കണ്ടീഷനിൽ മികച്ച റെക്കോർഡുള്ള രോഹിതിന് ഒരു അവസരം കൂടി നൽകിയേക്കും എന്നാണ് കരുതപ്പെടുന്നത്.
രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നാല് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയത്. റൊട്ടേഷൻ പോളിസി അനുസരിച്ച് ജെയിംസ് ആൻഡേഴ്സൺ, ജോസ് ബട്‌ലർ, ഡോം ബെസ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ജോഫ്ര ആർച്ചർ പരുക്കേറ്റ് പുറത്തായി. സ്റ്റുവർട്ട് ബ്രോഡ്, ബെൻ ഫോക്സ്, മൊയീൻ അലി, ക്രിസ് വോക്സ് എന്നിവരാണ് പകരം എത്തിയ നാലു താരങ്ങൾ. 12ആമനായി ഒലി സ്റ്റോണും ടീമിൽ ഉൾപ്പെട്ടു.
Story Highlights – india vs england 2nd test from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here