കാത്തിരിപ്പിന് വിരാമം; കേരളത്തിന്റെ സ്വപ്ന പദ്ധതി കെ ഫോണിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂര്‍ത്തിയായതെന്ന് ഐടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ടിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കും.
വിവരസാങ്കേതിക വിദ്യയില്‍ നിരവധി പുരോഗതികള്‍ ഉണ്ടായിരുന്നിട്ടും പത്തില്‍ താഴെ ശതമാനം സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമേ സ്റ്റേറ്റ് നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഒപ്ടിക്കല്‍ ഫൈബര്‍ അതിലും കുറഞ്ഞ ശതമാനമേ ഉള്ളൂ. ഭൂരിഭാഗം വീടുകളും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡിലേക്ക് മാറിയിട്ടില്ല. ഡിജിറ്റല്‍ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിശ്വസനീയവും വിപുലീകരിക്കാവുന്നതുമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആവശ്യമാണ്. ഇന്റര്‍നെറ്റിന്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപ്പറേറ്റര്‍മാരെ ആശ്രയിച്ചിരിക്കുന്നു. ഇത് പ്രധാനമായും നഗരപ്രദേശങ്ങള്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ നെറ്റ്‌വര്‍ക്ക് ലഭ്യത പരിമിതമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ പരിപോഷിപ്പിക്കുന്ന മികച്ച സൗകര്യങ്ങള്‍ സ്വായത്തമാക്കുന്നതില്‍ സംസ്ഥാനം വേഗത കൈവരിക്കുകയാണ്. ഇവ വര്‍ധിച്ചുവരുന്ന ബാന്‍ഡ് വിഡ്ത്ത് ആവശ്യകതയിലേക്കും നയിക്കും. മേല്‍പ്പറഞ്ഞ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള കേരളത്തിന്റെ പദ്ധതിയാണ് കെ ഫോണെന്നും സഫീറുള്ള വ്യക്തമാക്കി.
സുശക്തമായ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ മുപ്പതിനായിരത്തോളം ഓഫീസുകളിലും കൂടാതെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി സര്‍വീസ് പ്രൊവൈ ഡേഴ്‌സ് മുഖേന വീടുകളിലും എത്തിക്കുന്നതാണ്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകും. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരുടെയും നിലവിലുള്ള ബാന്‍ഡ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസിലാക്കി അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്‍ഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കെ ഫോണ്‍ പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനെ ടെന്‍ഡര്‍ നടപടിയിലൂടെയാണ് തെരഞ്ഞെടുത്തത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ ടെല്‍, എല്‍എസ് കേബിള്‍, എസ്ആര്‍ഐടി എന്നീ കമ്പനികള്‍ ഉള്‍പ്പെടെ കണ്‍സോര്‍ഷ്യം ആണ് പദ്ധതി നടപ്പാക്കുന്നത്.
Story Highlights – The first phase of KFON has been completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here