അസമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല: രാഹുൽ ഗാന്ധി

CAA Assam Rahul Gandhi

അസമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1985ലെ അസം കരാറിലെ തത്വങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

അസമിലെ ശിവനഗറിൽ സംഘടിപ്പിച്ച കോൺഗ്രസ് റാലിയിൽ കേന്ദ്രസർക്കാരിനെയും അസമിലെ ബിജെപി സർക്കാരിനെയും രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചു. ബിജെപിയും ആർഎസ്എസും അസമിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അനധികൃത കുടിയേറ്റം സംസ്ഥാനത്തിന്റെ പ്രധാന വിഷയം തന്നെയാണ്. ചർച്ചകളിലൂടെയാണ് പ്രശ്നപരിഹാരമുണ്ടാകേണ്ടത്. അസം കരാർ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്തും. കരാറിലെ തത്വങ്ങൾ സംരക്ഷിക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും മുന്നിലുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

നാഗ്പുരിലെയും ഡൽഹിയിലെയും നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. ടിവിയെ നിയന്ത്രിക്കാനാണ് റിമോട്ട് കൺട്രോളെന്നും, മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ അല്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ തേയില തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കാനായി നിർമിച്ച പ്രത്യേക ഷാൾ ധരിച്ചാണ് രാഹുൽ ഗാന്ധി വേദിയിലെത്തിയത്.

Story Highlights – Congress will never implement CAA if voted to power in Assam: Rahul Gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top