ക്യാപിറ്റോള്‍ കലാപം; ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍

ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. ഇത് രണ്ടാംതവണയാണ് ഡോണള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് കുറ്റവിചാരണയില്‍ നിന്ന് രക്ഷപ്പെടുന്നത്.
നൂറംഗ സെനറ്റില്‍ 57 പേര്‍ പ്രമേയത്തെ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ട്രംപിനെ കുറ്റക്കാരനെന്ന് വിധിക്കാനായില്ല. 43 പേര്‍ ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏഴ് പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് ശ്രദ്ധേയമായി.
അഞ്ച് ദിവസം നീണ്ട കുറ്റവിചാരണയ്ക്ക് ഒടുവിലാണ് ഡോണള്‍ഡ് ട്രംപിനെ രണ്ടാം തവണയും സെനറ്റ് കുറ്റവിമുക്തനാക്കിയത്. ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിക്കുക വഴി ട്രംപ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ ശക്തിയുക്തം വാദിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. ട്രംപിനെ ഇംപീച്ച് ചെയ്യണമായിരുന്നെങ്കില്‍ 67 പേര്‍ പ്രമേയത്തെ അനുകൂലിക്കണമായിരുന്നു. നേരത്തെ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളില്‍ നടത്തിയ അക്രമം അദ്ദേഹത്തിന്റെ പ്രേരണയാലാണെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്.
Story Highlights – Trump is acquitted for 2nd time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here