പ്രധാന മാനദണ്ഡം വിജയ സാധ്യത മാത്രം; അനുയോജ്യ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി മുസ്ലിം ലീഗ്

സ്ഥാനാർത്ഥി നിർണയത്തിനൊരുങ്ങുമ്പോൾ പ്രധാന മാനദണ്ഡം വിജയ സാധ്യത മാത്രമെന്ന് മുസ്ലിം ലീഗ്. ഓരോ മണ്ഡലത്തിലും അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. അധിക സീറ്റുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ കമ്മറ്റി ഓഫിസിൽ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കമായിരുന്നു പ്രധാന അജണ്ട. ഒപ്പം കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്ക് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ പകരക്കാരനെ കണ്ടെത്തലും ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്കുള്ള പ്രതിനിധിയെ തീരുമാനിക്കലും അജണ്ടയായി. എന്നാൽ ഈ വിഷയങ്ങളിൽ കാര്യമായ ചർച്ചകൾ യോഗത്തിലുണ്ടായില്ല . മൂന്നു തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണമെന്ന നിർദേശം യോഗത്തിൽ ഉയർന്നെങ്കിലും നിർദേശത്തിന് വലിയ പിന്തുണ ലഭിച്ചില്ല. എല്ലാം സംസ്ഥാന അധ്യക്ഷൻ തീരുമാനിക്കട്ടെ എന്ന് മാത്രമാണ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് യോഗം കൈക്കൊണ്ട ഏക തീരുമാനം.
ഇത്തവണ ലീഗ് ആവശ്യപ്പെട്ട അധിക സീറ്റുകൾ സംബന്ധിച്ചും വനിത പ്രാധിനിത്യത്തെക്കുറിച്ചും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകുന്നതിലും പ്രതികരിക്കാൻ നേതാക്കൾ തയ്യാറായില്ല. നിലവിൽ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യകളാണെന്നാണ് പ്രവർത്തക സമിതി യോഗത്തിന്റെ വിലയിരുത്തൽ. സാമ്പത്തിക ക്രമക്കേട് കേസിൽ ജാമ്യം ലഭിച്ചു ജയിൽ മോചിതനായ എം. സി കമറുദ്ദീൻ എംഎൽഎയും യോഗത്തിൽ പങ്കെടുത്തു.
Story Highlights – panakkad hyderali shihab thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here