ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-02-2021)

രാജ്യത്തെ പൊതുവിപണിയില്‍ കൊവിഡ് വാക്‌സിന്‍ എത്താന്‍ വൈകും

രാജ്യത്തെ പൊതുവിപണിയില്‍ കൊവിഡ് വാക്‌സിന്‍ എത്താന്‍ ഇനിയും വൈകും. ഏപ്രില്‍ മാസവും ഇന്ത്യയിലെ പൊതുവിപണിയില്‍ കൊവിഡ് വാക്‌സിന്‍ എത്തില്ല. പൊതുവിപണിയില്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നയപരമായ തിരുമാനം കൈകൊള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി.

ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു

രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി ഒന്‍പതാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു.

ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം. മൂന്നുതവണയായി നീട്ടിനല്‍കിയ ഇളവ് ഇതോടെ അവസാനിക്കും. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇനി മുതല്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും. 2019 ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ്ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും രണ്ട് തവണയായി ഫെബ്രുവരി 15 വരെ ഇളവ് നീട്ടി. ടോള്‍ ബൂത്തിലെ പണം നല്‍കാവുന്ന ലൈനുകള്‍ ഇനിമുതല്‍ ഉണ്ടാകില്ല. എന്നാല്‍ ഫസ്റ്റ് സംവിധാനത്തിലേക്ക് മാറാത്തവര്‍ ഇപ്പോഴും നിരവധിയാണ്.

കര്‍ഷക പ്രക്ഷോഭത്തില്‍ സാന്നിധ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍

കര്‍ഷക പ്രക്ഷോഭത്തില്‍ സാന്നിധ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഈമാസം 28 ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മഹാ പഞ്ചായത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും.

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടരും

സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും. 

Story Highlights – todays headlines 16-02-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top