ഈ തെയ്യക്കോലം കെട്ടിയത് ബിനു; വൈറൽ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ
- ബിന്ദിയ മുഹമ്മദ്
ഇന്നലെ നവമാധ്യമങ്ങൾ കീഴടക്കിയ ഒരു ചിത്രമുണ്ട്. മണത്തന നീലകരിങ്കാളി തെയ്യക്കോലധാരിയുടെ മടിയിൽ പറ്റിയിരിക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രം. കടുത്ത ചുവപ്പ് ചായക്കൂട്ടുകളും വേഷഭൂഷാതികളും കാരണം കുട്ടികൾ അടുക്കാൻ മടിക്കുന്ന രൂപമാണ് നീലകരിങ്കാളി തെയ്യത്തിന്റേത്. എന്നാൽ ലാസ്യത്തിൽ തുടങ്ങി രൗദ്രത്തിൽ എത്തുന്ന ഈ ഭഗവതി തെയ്യത്തിനടുത്ത് യാതൊരു ഭീതിയോ ആശങ്കയോ ഇല്ലാതെ അമ്മയുടെ മടിയിലെന്ന പോലെ ഒട്ടിച്ചേർന്നിരിക്കുന്ന കുഞ്ഞിനെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിക്കണ്ടത്.
രഹനേഷ് സുകുമാർ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ഈ ചിത്രം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഈ വൈറൽ ചിത്രത്തിന് പിന്നിലെ കഥ ട്വന്റിഫോർ ന്യൂസ്.കോമുമായി പങ്കുവയ്ക്കുകയാണ് തെയ്യം കെട്ടിയ ബിനു എന്ന യുവാവ്.
അഞ്ചരക്കണ്ടി പാളയം കടമ്പേരി മടപ്പുര ക്ഷേത്രത്തിൽ തെയ്യത്തിനായി എത്തിയതായിരുന്നു ബിനു. തെയ്യ കോലത്തിൽ ഉത്സവപറമ്പിൽ എത്തിയപ്പോഴാണ് അവിടുത്തെ ക്ഷേത്രക്കാരന്റെ മകളുടെ മകളെ കാണുന്നത്. തമ്പുരു എന്നാണ് കുഞ്ഞിന്റെ പേര്.
തെയ്യക്കോലം കെട്ടിക്കഴിഞ്ഞാൽ പിന്നെ ആ വ്യക്തി ഭഗവതിയാണെന്നാണ് വിശ്വാസം. ആ ഭഗവതി കുട്ടിയെ കൈകാണിച്ച് വിളിച്ചപ്പോൾ തന്നെ കുട്ടി അടുത്തേക്ക് വരികയും മടിയിൽ കയറി ഇരിക്കുകയും ചെയ്തു. അമ്മയാരാണെന്ന് ചോദിച്ചപ്പോൾ താൻ മടിയിലിരിക്കുന്നയാളാണെന്നായിരുന്നു കുഞ്ഞിന്റെ ഉത്തരം.
തന്റെ ഇത്ര നാളത്തെ പരിചയത്തിൽ ഭയമേതുമില്ലാതെ മറ്റൊരു കുട്ടിയും അടുത്ത് വന്നിട്ടില്ലെന്ന് ബിനു പറയുന്നു. ഏത് കുട്ടിയും ആദ്യം കരഞ്ഞ ശേഷമാകും അടുക്കുക. അപ്പോഴും തെയ്യ വേഷം കാണുമ്പോഴുള്ള ഭയം കണ്ണുകളിലുണ്ടാകും. എന്നാൽ ഈ കുഞ്ഞിന്റെ പെരുമാറ്റം അതിശയിപ്പിച്ചുവെന്ന് ബിനു ട്വന്റിഫോറിനോട് പറഞ്ഞു.
കണ്ണൂർ പൊതുവാച്ചേരി സ്വദേശിയായ ബിനു തന്റെ പതിമൂന്നാം വയസ് മുതൽ തെയ്യ വേഷം കെട്ടാൻ തുടങ്ങിയതാണ്.
അച്ഛനും അമ്മയും ഒരു സഹോദരിയുമുണ്ട് ബിനുവിന്. അച്ഛൻ ഡ്രൈവറാണ്.
Story Highlights – man behind viral theyyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here