ഉന്നാവോ പെണ്‍കുട്ടികളുടെ മരണം സിബിഐയ്ക്ക് വിടണമെന്ന് ബന്ധുക്കള്‍

unnao girls death

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സിബിഐയ്ക്ക് വിടണമെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശ് പൊലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അതേസമയം, രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബം അനുമതി നല്‍കിയില്ല. മൂന്നാമത്തെ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കേസ് അട്ടിമറിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ശ്രമിക്കുന്നുവെന്നാണ് പെണ്‍ക്കുട്ടികളുടെ ബന്ധുക്കളുടെ ആരോപണം. കൊലപാതകമാണെന്നും ഉന്നാവോയില്‍ ഇത് സാധാരണമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്ഥലത്തെ ഒരാളുമായും ശത്രുതയില്ല. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ബന്ധുക്കളെ വിട്ടയക്കണം. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Read Also : ഉന്നാവോ വാഹനാപകടം: ബിജെപി മുൻ എംഎൽഎ ക്കെതിരെ കൊലക്കുറ്റം ചുമത്താതെ സിബിഐ കുറ്റപത്രം

അന്വേഷണം ശരിയായ ദിശയിലെന്നും ഉടന്‍ വഴിത്തിരിവുണ്ടാകുമെന്നും ലഖ്‌നൗ റേഞ്ച് ഐ ജി ലക്ഷ്മി സിംഗ് പ്രതികരിച്ചു. പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉന്നാവോയിലെ ഗോതമ്പ് പാടത്ത് ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

സംഭവത്തില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ലൈംഗിക അതിക്രമത്തിന് തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ദുരഭിമാനക്കൊല, ആത്മഹത്യ തുടങ്ങി എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും യുപി പൊലീസ് അറിയിച്ചു. 13ഉം, 15ഉം, 16ഉം വയസുള്ള പെണ്‍കുട്ടികളെ ബുധനാഴ്ചയാണ് ഉന്നാവിലെ ഗോതമ്പ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടി കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Story Highlights – unnao, found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top