ഉന്നാവോ വാഹനാപകടം: ബിജെപി മുൻ എംഎൽഎ ക്കെതിരെ കൊലക്കുറ്റം ചുമത്താതെ സിബിഐ കുറ്റപത്രം

ഉന്നാവോ പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലഖ്‌നൗ പ്രത്യേക സിബിഐ കോടതിയിൽ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിച്ചു. പത്ത് പേരെ പ്രതി ചേർത്ത കേസിൽ മുൻ എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
Read also: ഉന്നാവ് വധശ്രമക്കേസ്; അപകടത്തോടെ കാറിലുണ്ടായിരുന്ന തെളിവുകൾ നശിപ്പിച്ചെന്ന് അഭിഭാഷകൻ
അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദിപ് സിംഗ് സെൻഗാറും കൂട്ടാളികളുമാണെന്ന പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് സെൻഗാറിനും സഹോദരനുമടക്കം 10 പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലിസ് കേസെടുത്തിരുന്നത്. എന്നാൽ കാർ അപകടം നടന്നത് അശ്രദ്ധ കൊണ്ടാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.
ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് കുൽദിപ് സിംഗ് സെഗാറിനും കൂട്ടുപ്രതികൾക്കുമെതിരെ ചേർത്തിരിക്കുന്നത്. ട്രക്ക് ഡ്രൈവറായ ആഷിഷ് കുമാർ പാൽ അശ്രദ്ധമായി വാഹനമോടിച്ച് മരണമുണ്ടാക്കിയെന്നാണ് സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 എ, 338, 279 എന്നീ വകുപ്പുകൾ ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നു.
സുപ്രിം കോടതിയുടെ നിർദേശമനുസരിച്ചാണ് സിബിഐ കേസിൽ അതിവേഗ അന്വേഷണം പൂർത്തിയാക്കിയിരിക്കുന്നത്.
ജൂലൈ 28നാണ് പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിക്കുന്നത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ സംഭവസ്ഥലത്ത് മരിച്ചിരുന്നു. അപകടത്തിൽ പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ലഖ്‌നൗവിലെ കിങ് ജോർജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയെ സുപ്രിംകോടതിയുടെ നിർദേശമനുസരിച്ച് പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റി.
കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. മൊഴിയെടുക്കാനെത്തിയ സിബിഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാൽസംഗം ചെയ്ത ബിജെപി മുൻ എംഎൽഎ കുൽദീപും കൂട്ടാളികളുമാണെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവോ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് അപകടമുണ്ടായത്.
കാറിൽ പെൺകുട്ടിയോടൊപ്പം ഉണ്ടാവേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പർപ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു. ഡൽഹി എയിംസ് പ്രത്യേക കോടതി മുറിയാക്കിയാണ് സിബിഐ വിചാരണം പൂർത്തിയാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here