Advertisement

ഉദുമ നിലനിര്‍ത്താന്‍ സിപിഐഎം; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം

February 26, 2021
Google News 1 minute Read
uduma

30 വര്‍ഷമായി കൈവശമുള്ള കാസര്‍ഗോഡ് ഉദുമ മണ്ഡലത്തില്‍ ഇത്തവണ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പരിഗണിച്ച് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ മേല്‍ക്കൈ തുടരാനായാല്‍ മണ്ഡലം അനായാസം നിലനിര്‍ത്താനാകുമെന്നാണ് ആത്മവിശ്വാസം. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡ!ലത്തില്‍ നേടിയ മേല്‍ക്കയ്യിലാണ് യുഡിഎഫ് പ്രതീക്ഷ. ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരാണ് കോണ്‍ഗ്രസിന്റെ സാധ്യതപട്ടികയില്‍ ഉള്ളത്.

Read Also : കേരളത്തില്‍ എല്‍ഡിഎഫ്- ബിജെപി ഒത്തുകളിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം

1991 മുതല്‍ സിപിഐഎം മാത്രം ജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ രണ്ട് തവണയും കെ കുഞ്ഞിരാമനാണ് എംഎല്‍എ ആയത്. കുഞ്ഞിരാമന്‍ വീണ്ടും മത്സരിക്കാന്‍ സാധ്യത വളരെ കുറവാണ്. 2006ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ അട്ടിമറി ജയം നേടിയ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ പത്മാവതി എന്നിവരാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആറായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഐഎം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് മണ്ഡലത്തില്‍ ലഭിച്ച പതിനായിരം വോട്ടിന്റെ ലീഡാണ് 1987ന് ശേഷം പച്ച തൊടാത്ത കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എ, ഐ ഗ്രൂപ്പുകള്‍ മാറി മാറി മത്സരിച്ചിരുന്ന സീറ്റാണ് ഉദുമ. എ ഗ്രൂപ്പില്‍ നിന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ എന്നിവരാണ് സാധ്യത പട്ടികയില്‍ ഉള്ളത്.

ഐ ഗ്രൂപ്പില്‍ നിന്ന് കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്റെ പേരിനാണ് മുന്‍തൂക്കം. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയവരാണ് ബാലകൃഷ്ണന്‍ പെരിയയും, കെ. നീലകണ്ഠനും. മൂന്ന് പേരും ഒരു സീറ്റിനായി രംഗത്തെത്തിയതോടെ തമ്മിലടി തുടരുന്ന ജില്ലയില്‍ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും.

Story Highlights – kasargod, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here