മലപ്പുറം നിലമ്പൂര്‍ കേന്ദ്രീകരിച്ച് പോക്കറ്റടി സംഘം വിലസുന്നതായി പരാതി

മലപ്പുറം നിലമ്പൂര്‍ കേന്ദ്രീകരിച്ച് പോക്കറ്റടി സംഘം വിലസുന്നതായി പരാതി. നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചുപറിക്ക് ഇരയായത്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ബസ് യാത്രക്കാരായ രണ്ട് പേരില്‍ നിന്നായി അമ്പതിനായിരം രൂപയാണ് പോക്കറ്റടി സംഘം തട്ടിയെടുത്തത്. വണ്ടൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള ബസ് യാത്രക്കിടെയായിരുന്നു സംഭവം. ഒരാളുടെ പക്കല്‍ നിന്നും എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും 23,500 രൂപയും മറ്റ് രേഖകളും നഷ്ടപ്പെട്ടു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴി മമ്പാട്ടേക്ക് ബസില്‍ യാത്ര ചെയ്ത വയോധികന്റെ 11,000 രൂപയും നഷ്ടപ്പെട്ടു. ബസില്‍ ഇരിക്കാന്‍ സീറ്റ് കൊടുത്ത് സഹായിച്ച് ശ്രദ്ധ മാറ്റിയാണ് വയോധികനെ പോക്കറ്റടിച്ചത്.

പലരും പൊലീസില്‍ പരാതി നല്‍കാന്‍ തയാറാകാത്തതും കുറ്റവാളികള്‍ക്ക് സഹായകരമാവുകയാണ്. മാസ്‌ക്ക് ധരിക്കുന്നത് മറയാക്കി പ്രവര്‍ത്തിക്കുന്ന പോക്കറ്റടി സംഘത്തിന് മാസ്‌കും രക്ഷപ്പെടാന്‍ സഹായമാവുന്നുണ്ട്. ഇതിനാല്‍ തട്ടിപ്പിന് ഇരയായവര്‍ക്കും പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വലിയ തുകകള്‍ കൈവശം വെച്ച് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം, പോക്കറ്റടി സംഘത്തെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Story Highlights – pickpocket gang – Malappuram Nilambur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top