എടികെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചു; മുംബൈ സിറ്റി ലീഗ് ജേതാക്കൾ

mumbai defeated atk winners

ഐഎസ്എൽ സീസൺ ജേതാക്കളായി മുംബൈ സിറ്റി എഫ്സി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എടികെ മോഹൻബഗാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മുംബൈ വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയത്. എടികെ മോഹൻബഗാനും മുംബൈ സിറ്റിക്കും 40 പോയിൻ്റുകൾ വീതമാണ് ഉള്ളത്. എന്നാൽ, ഗോൾ വ്യത്യാസം മുംബൈയെ പോയിൻ്റ് ടേബിളിൽ മുകളിലെത്തിക്കുകയായിരുന്നു. ഒന്നാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചതോടെ അടുത്ത വർഷം എഎഫ്സി ചാമ്പ്യൻഷിപ്പിലേക്ക് മുംബൈ യോഗ്യത നേടുകയും ചെയ്തു. മൊർതാദ ഫാൾ, ബാർതലോമ്യു ഓഗ്ബച്ചെ എന്നിവരാണ് മുംബൈയുടെ സ്കോറർമാർ. ഇരു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

7ആം മിനിട്ടിൽ തന്നെ മൊർതാദ ഫാൾ മുംബൈയെ മുന്നിലെത്തിച്ചു. 39ആം മിനിട്ടിൽ ഓഗ്ബച്ചെ നേടിയ ഗോളോടെ അവർ ജയം ഉറപ്പിക്കുകയും ചെയ്തു. ആദ്യ പകുതി രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ എടികെ നിരന്തര ആക്രമണത്തിലേക്ക് തിരിഞ്ഞു. ഡേവിഡ് വില്ല്യംസ് ആയിരുന്നു പല ആക്രമണങ്ങളുടെയും സൂത്രധാരൻ. പലപ്പോഴും ഫിനിഷിംഗിനരികെ എത്തിയെങ്കിലും അവർക്ക് ഗോൾ മടക്കാനായില്ല.

മുംബൈ സിറ്റിക്കും എടികെ മോഹൻ ബഗാനുമൊപ്പം എഫ്സി ഗോവ, നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സി എന്നീ ടീമുകളാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. ഇന്ന് വൈകുന്നേരം നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയുമായി ഗോൾരഹിത സമനില പാലിച്ചതോടെയാണ് എഫ്സി ഗോവ പ്ലേ ഓഫിൽ കടന്നത്. ഹൈദരാബാദ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Story Highlights – mumbai city defeated atk mohun_bagan become league winners

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top