ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ആയുള്ള ഉഭയകക്ഷി ചര്‍ച്ചകളാണ് ഇന്ന് നിര്‍ണായകം. പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാനുള്ള സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്കും ഇന്ന് തുടക്കമാകും.
രണ്ട് ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ഇടത് മുന്നണിയുടെ ആലോചന. സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് പത്തിന് മുന്‍പ് പ്രഖ്യാപിക്കും. ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനം സിപിഐയുമായുള്ളതാണ്. എല്‍ഡിഎഫ് യോഗത്തിന്റെ തീയതി അടക്കം തീരുമാനിക്കുക ഈ ചര്‍ച്ചയില്‍ ആയിരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റില്‍ നിന്ന് ചില സീറ്റുകള്‍ സിപിഐ വിട്ടുനല്‍കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. ഘടക കക്ഷികളെക്കാള്‍ അധികം സീറ്റുകള്‍ വിട്ടു നല്‍കാനാണ് സിപിഐഎം തീരുമാനം. ചില സീറ്റുകള്‍ വെച്ച് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്‍സിപിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് നടക്കും. കഴിഞ്ഞ തവണത്തേത് പോലെ നാല് സീറ്റുകള്‍ എന്‍സിപി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ സീറ്റ് ഏറ്റെടുത്തേക്കും. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും വേഗത്തില്‍ നടക്കും. 15 സീറ്റ് ജോസ് കെ. മാണി ആവശ്യപ്പെട്ടെങ്കിലും പരമാവധി 12 സീറ്റ് നല്‍കാനാണ് സാധ്യത. മുന്നണിയിലെ ചെറുകക്ഷികളില്‍ നിന്നും ചില സീറ്റുകള്‍ ഏറ്റെടുക്കുമെന്നാണ് വിവരം. രണ്ട് ദിവസത്തിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും.
അതേസമയം, ഓരോ ജില്ലകളിലേയും സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയാറാക്കാന്‍ ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ആരംഭിക്കും. നാല്, അഞ്ച് തിയതികളില്‍ നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളോടെ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ ഏകദേശ ചിത്രം വ്യക്തമാകും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ബുധനാഴ്ച ചേരുന്നുണ്ട്.
Story Highlights – Left Fronts seat-sharing talks will resume today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here