കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി എഐഎഡിഎംകെ; പത്തിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കും

കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ എഐഎഡിഎംകെ. ഇതിന്റെ ഭാഗമായി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തിലേറെ മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ജനവിധി തേടാനാണ് പാര്‍ട്ടിയുടെ തീരുമാനം. പത്തനംതിട്ട കോന്നിയില്‍ സിനിമ നിര്‍മാതാവ് കലഞ്ഞൂര്‍ ശശികുമാര്‍ സ്ഥാനാര്‍ത്ഥിയാവും.
വിവിധ ജില്ലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തിലേറെ മണ്ഡലങ്ങളില്‍ എഐഎഡിഎംകെ മത്സരത്തിനൊരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കലഞ്ഞൂര്‍ പഞ്ചായത്തിലെ 16 ാം വാര്‍ഡില്‍ മത്സരിച്ച ശശിധരന്‍ പിള്ളയാണ് കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാവുക.
ജില്ലയ്ക്ക് പുറമേ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമായ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാവും ഇത്തവണ സ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കുക. ചിറ്റൂര്‍, നെന്മാറ, ദേവികുളം, പീരുമേട്, തിരുവനന്തപുരം, നേമം, കോന്നി, എറണാകുളം തുടങ്ങിയ എട്ട് മണ്ഡലങ്ങള് സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും കൂടുതല്‍ മണ്ഡലങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. എന്‍ഡിഎയുമായുള്ള സംഖ്യം സാധ്യമായാല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്നും മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭകുമാര്‍ പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും ഉയര്‍ത്തിക്കാട്ടിയാവും കേരളത്തിലെ പ്രചാരണം. ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ സംസ്ഥാനത്ത് കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതിനാല്‍ തൊപ്പി അടയാളത്തിലാവും ദ്രാവിഡ പാര്‍ട്ടിയുടെ കേരളത്തിലെ വോട്ട് തേടല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാവുന്ന മുറക്ക് പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ കേരളത്തിലെത്തി പ്രചാരണം നടത്തുമെന്നും എഐഎഡിഎംകെ നേതാക്കള്‍ വ്യക്തമാക്കി.
Story Highlights – AIADMK Will contest in more than ten constituencies in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here