ആർസിബിയിൽ ടീം ഉടമകളുമായി താരങ്ങൾക്ക് വൈകാരിക ബന്ധമില്ല: ഷെയിൻ വാട്സൺ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ഉടമകളുമായി താരങ്ങൾക്ക് വൈകാരിക ബന്ധമില്ലെന്ന് മുൻ ഓസീസ്-ആർസിബി താരം ഷെയിൻ വാട്സൺ. ചെന്നൈ സൂപ്പർ കിംഗ്സിൽ അങ്ങനെയല്ലെന്നും താരങ്ങളും ഉടമകളുമായി വൈകാരിക ബന്ധം ഉണ്ടെന്നും വാട്സൺ കൂട്ടിച്ചേർത്തു. ഗ്രേഡ് ക്രിക്കറ്റർ പോഡ്കാസ്റ്റിലായിരുന്നു വാട്സണിൻ്റെ പ്രതികരണം.
“ഒപ്പം കളിച്ച താരങ്ങളുടെ കഴിവ് പരിഗണിക്കുമ്പോൾ ആർസിബിയിലെ അനുഭവം വളരെ മികച്ചതായിരുന്നു. എന്നാൽ, അവിടെ ഉടമകളുമായി താരങ്ങൾക്ക് വൈകാരിക ബന്ധം ഉണ്ടായിരുന്നില്ല. ചെന്നൈ സൂപ്പർ കിംഗ്സിൽ മഹത്തരമായ അനുഭവമായിരുന്നു. വയസായ താരങ്ങളും, അവരുടെ അനുഭവസമ്പത്തും, അവരെ നയിക്കുന്ന എംഎസ് ധോണിയും, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങും. ഞാൻ സഹകരിച്ചതിൽ വെച്ച് ഏറ്റവും മികച്ച പരിശീലകനാണ് സ്റ്റീഫൻ ഫ്ലെമിങ്. ഫ്ലെമിങിൻ്റെ മാൻ മാനേജ്മെൻ്റ് സ്കില്ലുകളും, ആളുകളെ മനസ്സിലാക്കുന്ന രീതിയും, ടീം ചുറ്റുപാടും, ഫ്ലെമിങിൻ്റെ ക്രിക്കറ്റ് പരിജ്ഞാനവുമൊക്കെ വളരെ മികച്ചതാണ്.”- വാട്സൺ പറഞ്ഞു.
2016-17 സീസണിലാണ് വാട്സൺ ബാംഗ്ലൂരിനായി കളിച്ചത്. 2018 മുതൽ 2020 വരെ അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്സിനായി ജഴ്സി അണിഞ്ഞു. ചെന്നൈ ജഴ്സിയിൽ രണ്ട് സീസണുകളിലായി ചില മികച്ച പ്രകടനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. 2020 നവംബറിൽ അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 145 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 30നു മുകളിൽ ശരാശരി അടക്കം 3874 റൺസ് അദ്ദേഹം സ്കോർ ചെയ്തു. ഐപിഎലിൽ 92 വിക്കറ്റും അദ്ദേഹത്തിനുണ്ട്.
Story Highlights – Shane Watson about his experience with RCB and CSK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here