Advertisement

ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന പരാമര്‍ശം; വിശദീകരണവുമായി കെ. സുരേന്ദ്രന്‍

March 5, 2021
Google News 2 minutes Read

മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശ്രീധരനെ മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്‍ മുന്നില്‍ നിന്ന് നയിക്കും. ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

ഇ. ശ്രീധരന്റെ നേതൃത്വം കേരളം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട്. അതല്ലാതെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടി കാര്യങ്ങളെ സംബന്ധിച്ച് സാമാന്യമായ ബോധ്യമുണ്ട്. ഇ. ശ്രീധരനെ പോലെ ഒരു നേതാവ് കേരളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണ്. ഇ. ശ്രീധരന്‍ മുന്നില്‍ നിന്ന് നയിക്കണമെന്ന് കേരളജനത ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാകും. ഇ. ശ്രീധരനെ പോലുള്ള ആളുകള്‍ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് കെ. സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാന്‍ ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവന. ഇതിന് പിന്നാലെ കെ. സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത് എത്തിയിരുന്നു.

ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു വി. മുരളീധരന്റെ പ്രതികരണം.

Story Highlights – E Sreedharan – CM candidate – K Surendran explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here