റോഡ് സേഫ്റ്റി വേൾഡ് സീരീസ്: വീരു പഴയ വീരു തന്നെ; ഇന്ത്യക്ക് 10 വിക്കറ്റ് ജയം

റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ലെജൻഡ്സിന് 10 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജൻഡ്സ് ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം 10.1 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യ മറികടക്കുകയായിരുന്നു. പഴയകാല പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത വീരേന്ദർ സെവാഗ് ആണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സെവാഗ് 80 റൺസെടുത്ത് പുറത്താവാതെ നിന്നു. സച്ചിൻ തെൻഡുൽക്കർ 33 റൺസ് നേടിയും ക്രീസിൽ തുടർന്നു.
Read Also : റോഡ് സേഫ്റ്റി വേൾഡ് സീരീസ്: മികച്ച തുടക്കം മുതലാക്കാനാവാതെ ബംഗ്ലാദേശ്; ഇന്ത്യക്ക് 110 റൺസ് വിജയലക്ഷ്യം
ബംഗ്ലാദേശിനെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തുകയായിരുന്നു വീരു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി പഴമയെ ഓർമിപ്പിച്ച സെവാഗ് ആ ഓവറിൽ 19 റൺസാണ് അടിച്ചുകൂട്ടിയത്. ആക്രമണത്തിൻ്റെ മൂർച്ച ഒട്ടും കുറയ്ക്കാതെ മുന്നേറിയ വീരു 20 പന്തുകളിൽ ഫിഫ്റ്റി തികച്ചു. മറുവശത്ത് ചില മികച്ച ഷോട്ടുകളിലൂടെ ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയ സച്ചിൻ സെവാഗിന് ഒത്ത പങ്കാളിയായി. 35 പന്തുകളിൽ 10 ഫോറും അഞ്ച് സിക്സും സഹിതം 80 റൺസെടുത്ത സെവാഗ് അക്ഷരാർത്ഥത്തിൽ ബംഗ്ലാദേശിനെ തകർത്തുകളയുകയായിരുന്നു. സച്ചിൻ 26 പന്തുകളിൽ 5 ബൗണ്ടറി അടക്കമാണ് 33 റൺസ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.4 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. ഓപ്പണർമാരിലൂടെ ലഭിച്ച മികച്ച തുടക്കം അവർക്ക് മുതലെടുക്കാനായില്ല. ഇന്ത്യക്കായി പ്രഗ്യാൻ ഓജ, യുവരാജ് സിംഗ്, വിനയ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights – india won against bangladesh in road safety world series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here