വിരാട് കോലി രോഹിത് ശർമ്മയുടെ ബാറ്റിംഗ് കണ്ട് പഠിക്കണം; മനോജ് തിവാരി

ഫോം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഓഫ് സ്റ്റമ്പിനു പുറത്ത് വരുന്ന പന്തുകൾ ലീവ് ചെയ്യുന്ന രോഹിത് ശർമ്മയുടെ ബാറ്റിംഗ് കണ്ട് വിരാട് കോലി പഠിക്കണമെന്ന് തിവാരി പറഞ്ഞു. ക്രിക്ക്ബസിനോടായിരുന്നു തിവാരിയുടെ പ്രതികരണം.
Read Also : ടെസ്റ്റിൽ ഏറ്റവുമധികം ഡക്കുകൾ; ധോണിയുടെ റെക്കോർഡിനൊപ്പം കോലി
“ഇന്ന് ഞാൻ കണ്ടതുവച്ച്, വിരാട് ആ പന്ത് ലീവ് ചെയ്യണമായിരുന്നു. ഇതിഹാസ താരം സുനിൽ ഗവാസ്കറുടെ വാക്കുകൾ എപ്പോഴും ഓർമിക്കണം. ടോപ് ഓർഡറിലോ മിഡിൽ ഓർഡറിലോ ബാറ്റ് ചെയ്യുന്ന താരം അര മണിക്കൂറെങ്കിലും പിച്ചിനെപ്പറ്റി മനസ്സിലാക്കാൻ ചെലവഴിക്കണം. പന്ത് ലീവ് ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണം. ഇന്ന്, പന്തുകൾ ലീവ് ചെയ്യുന്നത് എങ്ങനെയെന്ന് രോഹിത് ശർമ്മ കാണിച്ചു തന്നു. ഓഫ് സ്റ്റമ്പ് എവിടെയാണെന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ നിങ്ങൾക്ക് പന്തുകൾ ലീവ് ചെയ്യാം. വിരാട് കോലിയുടെ ബാറ്റിംഗിൽ തൻ്റെ ഓഫ് സ്റ്റമ്പ് എവിടെയാണെന്ന് അദ്ദേഹം ആശയക്കുഴപ്പത്തിലാവുന്നതായി എല്ലാവർക്കും അറിയാം. ഓഫ് സ്റ്റമ്പിനു പുറത്ത് വരുന്ന പന്തുകൾ ലീവ് ചെയ്യുന്നതിൽ കോലി രോഹിതിനെ കണ്ട് പഠിക്കണം.”- തിവാരി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ലീഡ് എടുത്തിരുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് 89 റൺസിൻ്റെ ലീഡാണ് ഉള്ളത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205നു മറുപടിയുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വാഷിംഗ്ടൺ സുന്ദർ (60 നോട്ടൗട്ട്), രോഹിത് ശർമ്മ (49) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights – Virat Kohli should take clues from Rohit Sharma Manoj Tiwary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here