Advertisement

സര്‍ക്കാരിന്റെ കുറവുകള്‍ ഉയര്‍ത്തികാണിക്കുന്നതിന് പകരം പരിഹസിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്: മുഖ്യമന്ത്രി

March 8, 2021
Google News 1 minute Read

പ്രതിപക്ഷം വഴിവിട്ട് നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ കുറവുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിന് പകരം പരിഹസിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ദുരന്തങ്ങളിലും പ്രതിസന്ധികളിലും ഒന്നിച്ചുനില്‍ക്കാന്‍ പ്രതിപക്ഷം തയാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടായ കുറവുകള്‍ ഉയര്‍ത്തികാണിക്കാനല്ല പ്രതിപക്ഷം ശ്രമിക്കുന്നത്. സാധാരണ വഴി വിട്ട് സഞ്ചരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് ഒരു ഘട്ടത്തില്‍ അവര്‍ പയറ്റി നോക്കി. ഈ അഞ്ച് വര്‍ഷ കാലയളവില്‍ നാം നേരിടേണ്ടിവന്ന അനേകം പ്രതിസന്ധികളുണ്ട്. ആ ഘട്ടത്തിലൊന്നും ഇത്തരം ആളുകളില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു കാര്യം നമ്മള്‍ കണ്ടു. പ്രതിസന്ധി നേരിട്ട് കുറച്ച് കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിനെ എങ്ങനെ അപഹസിക്കാന്‍ പറ്റും എന്ന് ആലോചിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ സര്‍ക്കാര്‍ ശ്രമിച്ചത് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നാടാകെ ഒന്നിച്ചുനില്‍ക്കണമെന്നതാണ്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലാതെ അതിനെ നേരിടുക എന്നതിനാണ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.

മഹാപ്രളയത്തെ ഒരുമയോടെ നേരിട്ടപ്പോള്‍ ലോകം ശ്രദ്ധിച്ചു. കേരളത്തിന് മാത്രമേ ഇത്തരത്തില്‍ നേരിടാനാകൂ എന്ന തോന്നലുണ്ടാക്കി. അത് വലിയ പ്രശംസയായി കേരളത്തിന് വന്നു. യഥാര്‍ത്ഥത്തില്‍ ആ പ്രശംസ നമ്മുടെ നാടിനും നാട്ടിലെ ജനങ്ങള്‍ക്കും ഉള്ളതാണ്. പക്ഷേ പ്രതിപക്ഷം വിചാരിച്ചു സര്‍ക്കാരിന് എന്തോ നല്ല പേര് കിട്ടുകയാണെന്ന്. ഉടനെ അത് ഇല്ലാതാക്കാന്‍ എങ്ങനെ പറ്റുമെന്നായി ശ്രമം. രണ്ടാമത്തെ പ്രളയം വന്നപ്പോള്‍ നാം നാടിനെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു. ആ പ്രളയത്തെയും നാം അതിജീവിച്ചു. പിന്നീട് വന്നത് ലോകത്തെ ബാധിച്ച കൊവിഡ് മഹാമാരിയായിരുന്നു. കൊവിഡിനെ ഫലപ്രദമായി നേരിട്ടു. അവിടെയും ജനങ്ങളാണ് മുന്‍കൈയെടുത്തത്. വലിയ തോതില്‍ ഒരുമയോടെ, ത്യാഗ സന്നദ്ധതയോടെ എല്ലാവരും പ്രവര്‍ത്തിച്ചു.

കൊവിഡ് വന്നപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആളുകള്‍ വലിയ പ്രയാസത്തിലായി. ലോക്ക്ഡൗണ്‍ വന്നതോടെ പുറത്തിറങ്ങാനാകാതായി. നമ്മുടെ നാട്ടിലെ ലക്ഷങ്ങള്‍ അന്നന്ന് ജോലി ചെയ്ത് കിട്ടുന്ന വരുമാനംകൊണ്ട് ജീവിക്കുന്നവരാണ്. അവരുടെ കൈയില്‍ വേറെ ബാങ്ക് ബാലന്‍സ് ഒന്നുമില്ല. ലോകത്ത് ആകെയുള്ള ദരിദ്ര ജനവിഭാഗം മുഴുപട്ടിണിയിലാകുന്ന സ്ഥിതി വന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ആരും പട്ടിണി കിടക്കരുത് എന്ന നിലപാട് നമ്മള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ അങ്ങനെയൊരു നിലപാട് പറഞ്ഞപ്പോള്‍ നാട് അത് ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here