ജോലിക്കാരന് കൊവിഡ്; പിസിബി ഓഫീസ് അടച്ചു

PCB shut down office

ജോലിക്കാരിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിൻ്റെ സാഹചര്യത്തിൽ ലാഹോറിലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഓഫീസ് അടച്ചു. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ച സാഹചര്യത്തിൽ പിഎസ്എൽ മാറ്റിവച്ചതിനു പിന്നാലെയാണ് പിസിബി ഓഫീസ് അടച്ചത്. തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദ്ദേശം.

കൊവിഡ് ബാധിതനായ കോലിക്കാരൻ ലാഹോറിൽ താരങ്ങൾക്കായി ഏർപ്പെടുത്തിയ ട്രെയിനിങ് സെൻ്റർ സന്ദർശിച്ചിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹത്തിന് രോഗബാധ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ട്രെയിനിങ് സെൻ്ററിലെ താരങ്ങളെ തിരികെ വീടുകളിലേക്ക് അയച്ചിട്ടുണ്ട്. ട്രെയിനിങ് സെൻ്ററിൽ ഉണ്ടായിരുന്ന എല്ലാ താരങ്ങൾക്കും കൊവിഡ് ടെസ്റ്റ് നടത്തി വീണ്ടും അവരെ വിളിക്കുമെന്ന് പിസിബി ചെയർമാൻ എഹ്‌സാൻ മാനി അറിയിച്ചു.

Read Also : കറാച്ചിയിലെ ബയോ ബബിൾ സുരക്ഷിതമായിരുന്നില്ല; പിഎസ്എൽ നീട്ടിവച്ചതിനു പിന്നാലെ വെളിപ്പെടുത്തലുമായി വിദേശതാരം

അതേസമയം, പാകിസ്താൻ സൂപ്പർ ലീഗ് നീട്ടിവച്ചതിനു പിന്നാലെ പിഎസ്എലിലെ ബയോ ബബിൾ സംവിധാനത്തെ വിമർശിച്ച് വിദേശതാരം രംഗത്തെത്തിയിരുന്നു. കറാച്ചിയിൽ ഏർപ്പെടുത്തിയിരുന്ന ബയോ ബബിൾ സംവിധാനം സുരക്ഷിതമായിരുന്നില്ല എന്ന് പേരു വെളിപ്പെടുത്താത്ത ഒരു വിദേശ താരം വെളിപ്പെടുത്തി. ആകെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പിഎസ്എൽ മാറ്റിവച്ചത്.

ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റ് മൂന്നു പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ലീഗ് നീട്ടിവെക്കാൻ തീരുമാനിച്ചത്.

Story Highlights – PCB shut down office headquarters in Lahore after a COVID-19 case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top