Advertisement

അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

March 8, 2021
Google News 2 minutes Read
Pinarayi Vijayan Amit Shah

കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണരായി വിജയൻ. അമിത് ഷാ കേരളത്തെ അപമാനിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയുടെ മനുഷ്യരൂപമാണ് അമിത് ഷാ. വർഗീയതക്കായി അമിത് ഷാ എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

“ഇന്നലെ അമിത് ഷാ വന്ന് നമ്മുടെ നാടിനെ അപമാനിക്കുന്ന രീതിയിലുള്ള പ്രചരണമാണ് നടത്തിയത്. യഥാർത്ഥത്തിൽ ഇത് കേരളത്തെ അപമാനിക്കലാണ്. പക്ഷേ, അപമാനിക്കുന്നതിനെതിരെ ഒരക്ഷരം കോൺഗ്രസിൻ്റെ നേതാവിൽ നിന്ന് ഉയരില്ല. കാരണം, അവർ എന്താണ്? കൂട്ടാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയാണല്ലോ അമിത് ഷാ. നേരത്തെയുള്ള അമിത് ഷാ അല്ലല്ലോ. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രി ആയിട്ടാണോ അദ്ദേഹം സംസാരിച്ചത്?”- പിണറായി വിജയൻ ചോദിച്ചു.

Read Also : സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ഇല്ലാകഥകള്‍ മെനഞ്ഞു: മുഖ്യമന്ത്രി

അമിത് ഷായോട് മുഖ്യമന്ത്രി മറുചോദ്യങ്ങളും ഉന്നയിച്ചു. സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് സംഘപരിവാറുകാരനല്ലേ? തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിൻ്റെ നിയന്ത്രണത്തിലല്ലേ? കള്ളക്കടത്ത് തടയാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനല്ലേ? നയതന്ത്ര ബാഗേജല്ല എന്ന് പറയിപ്പിച്ചത് ഷായുടെ പാർട്ടി ചാനൽ പ്രവർത്തകനല്ലേ? കള്ളക്കടത്തിൽ കേന്ദ്രസഹമന്ത്രിക്ക് പങ്കുണ്ടെന്ന് അമിത് ഷായ്ക്ക് അറിയില്ലേ? മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന മൊഴി ശ്രദ്ധയിലില്ലേ? അന്വേഷണ ഏജൻസികളെ തിരിച്ചത് ബിജെപി-കോൺഗ്രസ് സഖ്യമല്ലേ? എന്നും അദ്ദേഹം ചോദിച്ചു.

മുസ്ലിം എന്ന വാക്കുപയോഗിക്കുമ്പോൾ വല്ലാത്ത കനം അനുഭവപ്പെടുന്നു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നാട്ടിൽ വന്നാണ് അമിത് ഷായുടെ ഉറഞ്ഞുതുള്ളൽ. ഏതെങ്കിലും തട്ടിക്കൊണ്ടു പോകലിൻ്റെ ഭാഗമായി താൻ ജയിലിൽ കിടന്നിട്ടില്ല. ആരാണ് അങ്ങനെ കിടന്നത് അമിത് ഷാ സ്വയം ആലോചിച്ചുനോക്കട്ടെ. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിചേർക്കപ്പെട്ട ആളാണ് അമിത് ഷാ. ആ കേസ് വിധി പറയാനിരുന്ന ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഗുജറാത്തിൽ നടന്നത് വർഗീയ കലാപമല്ല, വംശഹത്യ ആണ്. സ്വന്തം സംസ്കാരം വച്ച് മറ്റുള്ളവരെ അളക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – Pinarayi Vijayan criticizes Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here