പൊന്നാനിയില്‍ പി. നന്ദകുമാറിനെതിരെ പ്രതിഷേധം; പ്രവര്‍ത്തകര്‍ ടി.എം. സിദ്ദിഖിനൊപ്പം ‘നേതാക്കളെ പാര്‍ട്ടി തിരുത്തുമോ..?’

സിപിഐഎം സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് പിന്നാലെ പലയിടത്തും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. രഹസ്യമായും പോസ്റ്റര്‍ യുദ്ധങ്ങളായും മുന്നോട്ട്‌പോയിരുന്ന പ്രതിഷേധം പരസ്യ പ്രകടനമായി പുറത്തുവന്നത് മലപ്പുറം പൊന്നാനിയിലായിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രണ്ടുതവണ സ്ഥാനാര്‍ത്ഥിയായി വിജയിച്ച് കൂടെകൂട്ടിയ മണ്ഡലമാണ് പൊന്നാനി. എന്നാല്‍ രണ്ടു ടേം മാനദണ്ഡത്തെ തുടര്‍ന്ന് ഇത്തവണ പി. ശ്രീരാമകൃഷ്ണന്‍ മത്സരിക്കില്ല. ഇതോടെയാണ് മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി അന്വേഷണം ആരംഭിച്ചത്.

പല പേരുകള്‍ ഉയര്‍ന്നുവന്നുവെങ്കിലും സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിന്റെ പേര് സംസ്ഥാന കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാനകമ്മിറ്റി നിര്‍ദേശത്തിന് ഞായറാഴ്ച സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി.

എന്നാല്‍ മുന്‍ പൊന്നാനി ഏരിയാ സെക്രട്ടറിയും ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.എം.സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് സാധ്യതാ പട്ടികയില്‍ സിദ്ദീഖിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

നന്ദകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരേ ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉണ്ടായങ്കിലും ഒടുവില്‍ നിര്‍ദ്ദേശം അംഗീകരിച്ചു. ഇതിനിടെ പൊന്നാനിയില്‍ വിഭാഗീയ സ്വരങ്ങളുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ പ്രതിഷേധങ്ങളാണ് ഇപ്പോള്‍ പരസ്യ പ്രകടനത്തിലേക്ക് എത്തിയിരിക്കുന്നത്.

Read Also : രണ്ട് ടേം മാനദണ്ഡം: പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണന് പകരം ടി.എം. സിദ്ദിഖിന് സാധ്യത

‘ നേതാക്കളെ പാര്‍ട്ടി തിരുത്തും പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനറുമായാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നത്.

ജനകീയ നേതാവായ ടി.എം. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ അടക്കം ഇത്തരത്തിലൊരു പ്രചാരണം നടക്കുന്നുണ്ട്.

Read Also : പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍

പൊന്നാനിയില്‍ സ്വീകാര്യനായ നേതാവാണ് ടി.എം.സിദ്ദിഖ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീനമുണ്ട്. 2011 ലും ടി.എം. സിദ്ദിഖിന്റെ പേര് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. 1991 ല്‍ ബ്രാഞ്ച് സെക്രട്ടറിയായി ചുമതലയേറ്റ ടി.എം. സിദ്ദിഖ് 2001 മുതല്‍ 2011 വരെയുള്ള 10 വര്‍ഷക്കാലം ഏരിയ സെക്രട്ടറി ചുമതലയില്‍ എത്തിയിരുന്നു. ഈ കാലയാളവിനുള്ളില്‍ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടിയെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റിയതും ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു.

2004 മുതല്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗമാണ് ടി.എം. സിദ്ദിഖ്. 2017 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും. 1994ല്‍ ഇരുപത്തിനാലാം വയസില്‍ വെളിയങ്കോട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക വാര്‍ഡില്‍ ചരിത്ര ഭൂരിപക്ഷത്തോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിട്ടായിരുന്നു തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള കടന്നുവരവ്.

ടി.എം.സിദ്ദിഖ്

അതേസമയം, പൊന്നാനിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോ അംഗങ്ങളോ പ്രകടനത്തിലില്ലെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് പറഞ്ഞു. പത്താം തീയതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം കൂടെയുണ്ടാകും. പാര്‍ട്ടിക്ക് പൊന്നാനിയില്‍ പ്രതിസന്ധികളില്ല. എന്താണ് സംഭവിച്ചത് എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ഇ. എന്‍. മോഹന്‍ദാസ് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Story Highlights – Protest against p Nandakumar in Ponnani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top