Advertisement

ഐപിഎൽ ടീം അവലോകനം; സൺറൈസേഴ്സ് ഹൈദരാബാദ്

March 9, 2021
Google News 1 minute Read
ipl analysis sunrisers hyderabad

2021 ഐപിഎലിലേക്ക് ഇനിയുള്ളത് കൃത്യം ഒരു മാസമാണ്. ഏപ്രിൽ 9ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിൽ നടക്കുന്ന മത്സരത്തോടെയാണ് ഐപിഎൽ ആരംഭിക്കുക. ഫെബ്രുവരിയിൽ നടന്ന മിനി ലേലത്തിൽ ടീമുകൾ ശ്രദ്ധേയമായ ചില പർച്ചേസുകൾ നടത്തിയിട്ടുണ്ട്. എല്ലാ ടീമുകളും മുഖം മിനുക്കി ശക്തരായാണ് ഇക്കുറി എത്തിയിരിക്കുന്നത്.

ലേലത്തിൽ കാര്യമായി ഇടപെട്ടില്ലെങ്കിലും മികച്ച ഒരു സ്ക്വാഡാണ് സൺറൈസേഴ്സ് ഹൈദരാബാദിനുള്ളത്. ആകെ മൂന്ന് പേരെയാണ് ഹൈദരാബാദ് ഫ്രാഞ്ചൈസി ലേലം കൊണ്ടത്. കേദാർ ജാദവ്, ജഗദീശ സുചിത്, മുജീബ് റഹ്മാൻ എന്നീ താരങ്ങളെയാണ് ഹൈദരാബാദ് പർച്ചേസ് ചെയ്തത്.

ഡേവിഡ് വാർണർ, കെയിൻ വില്ല്യംസൺ എന്നീ രണ്ട് ഗംഭീര താരങ്ങൾ നയിക്കുന്ന ടീമിൽ മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, അബ്ദുൽ സമദ് എന്നീ പരിചിത മുഖങ്ങൾക്കൊപ്പം വിരാട് സിംഗ് കൂടി പ്രോപ്പർ ബാറ്റ്സ്മാനായി ടീമിലുണ്ട്. ജോണി ബെയർസ്റ്റോ, വൃദ്ധിമാൻ സാഹ, ശ്രീവത്സ് ഗോസ്വാമി എന്നിവർ വിക്കറ്റ് കീപ്പർമാർ. കേദാർ ജാദ, അഭിഷേക് ശർമ്മ, വിജയ് ശങ്കർ, മുഹമ്മദ് നബി, ജേസൻ ഹോൾഡർ, മിച്ചൽ മാർഷ് എന്നിവർ ഓൾറൗണ്ടർമാരായി ടീമിലുണ്ട്. ഭുവനേശ്വർ കുമാർ, ടി നടരാജൻ, സന്ദീപ് ശർമ്മ, സിദ്ധാർത്ഥ് കൗൾ, ബേസിൽ തമ്പി , ഖലീൽ അഹ്മദ്, ഷഹബാസ് നദീം, ജഗദീശ സുചിത്, റാഷിദ് ഖാൻ, മുജീബ് റഹ്മാൻ എന്നിവരാണ് ബൗളർമാർ.

കഴിഞ്ഞ സീസണിൽ ബെയർസ്റ്റോയുടെ ഫോം ആയിരുന്നു പ്രശ്നം. ഒന്നോ രണ്ടോ മത്സരങ്ങളിലെ പ്രകടനം മാറ്റിനിർത്തിയാൽ ബെയർസ്റ്റോ പഴാ ഫോമിൻ്റെ അയലത്തുണ്ടായിരുന്നില്ല. അവസാന മത്സരങ്ങളിൽ ബെയർസ്റ്റോയ്ക്ക് പകരം സാഹ ഓപ്പണറായി എത്തുകയും ചെയ്തു. പരുക്കേറ്റ മിച്ചൽ മാർഷിനു പകരം ജേസൻ ഹോൾഡർ എത്തിയതോടെയാണ് അവർക്ക് ഒരു ഉണർവ് വന്നത്. ബൗളിംഗിലും ബാറ്റിംഗിലും ഹോൾഡർ മുതൽക്കൂട്ടായി.

കഴിഞ്ഞ സീസണിൽ പോയിൻ്റ് ടേബിളിൽ മൂന്നാമതായാണ് സൺറൈസേഴ്സ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. രണ്ടാം ക്വാളിഫയറിൽ ഡൽഹിയോട് പരാജയപ്പെട്ട് അവർ ക്യാമ്പയിൻ അവസാനിപ്പിക്കുകയും ചെയ്തു.

ബെയർസ്റ്റോയെ പരീക്ഷിച്ചാൽ വില്ല്യംസൺ പുറത്തിരിക്കും. രണ്ട് പേരും ടീമിലുണ്ടെങ്കിൽ മുഹമ്മദ് നബിയ്ക്ക് കളിക്കാനാവില്ല. റാഷിദ് ഖാനും മുജീബ് റഹ്മാനും കളിച്ചാൽ മിച്ചൽ മാർഷും ജേസൻ ഹോൾഡറും പുറത്തിരിക്കും. ഹോൾഡറെയാണോ മാർഷിനെയാണോ കളിപ്പിക്കേണ്ടത്. മാനേജ്മെൻ്റിന് വലിയ തലവേദനയാണ്. ടൂർണമെൻ്റ് പുരോഗമിക്കുമ്പോൾ അവർ റൊട്ടേഷൻ പോളിസി നടപ്പാക്കിയാലും അത്ഭുതപ്പെടാനില്ല. ആദ്യ ചില മത്സരങ്ങൾക്കു ശേഷമേ ഫൈനൽ ഇലവനിൽ കൃത്യത വരൂ.

അബ്ദുൽ സമദ്, വിരാട് സിംഗ്, പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ. അൺകാപ്പ്ഡ് താരങ്ങളെക്കൊണ്ടും ഹൈദരാബാദ് സ്ക്വാഡ് സമ്പന്നമാണ്. ഗാർഗ് ചില ഒറ്റപ്പെട്ട പ്രകടനങ്ങളേ കഴിഞ്ഞ സീസണിൽ നടത്തിയുള്ളൂ. ഫിനിഷർ എന്ന നിലയിൽ അബ്ദുൽ സമദ് മികച്ചുനിന്നു. വിരാടും അഭിഷേകും മറ്റ് രണ്ട് പേരുടെ പ്രകടനങ്ങൾക്കനുസരിച്ച് ടീമിൽ ഇടം പിടിക്കാം. എങ്കിലും ആഭ്യന്തര മത്സരങ്ങളിലെ മോശം പ്രകടനം ഗാർഗിൻ്റെ വഴി അടയ്ക്കാനിടയുണ്ട്. അഭിഷേകിനാവും നറുക്ക് വീഴുക.

ഭുവനേശ്വർ കുമാർ (പരുക്കില്ലെങ്കിൽ), ടി നടരാജൻ, സന്ദീപ് ശർമ്മ എന്നിവർ തന്നെയാണ് ഫ്രണ്ട്‌ലൈൻ പേസർമാർ. ഫോം അനുസരിച്ച് സിദ്ധാർത്ഥ് കൗൾ, ഖലീൽ അഹ്മദ് എന്നിവർക്കും അവസരം ലഭിക്കാം. റാഷിദിൻ്റെ സാന്നിധ്യത്തിൽ മുജീബ് ബെഞ്ചിലിരിക്കും. നദീമാവും സെക്കൻഡ് സ്പിന്നർ. സുചിതിന് ടൂർണമെൻ്റ് പുരോഗമിക്കുമ്പോൾ അവസരം ലഭിച്ചേക്കും.

ബെയർസ്റ്റോ, സാഹ എന്നിവരുടെ ഉൾപ്പെടുത്തൽ ഫോം അനുസരിച്ചേ തീരുമാനിക്കാൻ കഴിയൂ. കേദാർ ജാദവ് കളിക്കാൻ സാധ്യത കുറവാണ്. ആദ്യ മത്സരങ്ങളിൽ ജേസൻ ഹോൾഡർ കളിക്കാനും പ്രകടനം പരിഗണിച്ച് മിച്ചൽ മാർഷ് എത്താനും സാധ്യത. വിജയ് ശങ്കർ കളിക്കാനിടയുണ്ട്. മുഹമ്മദ് നബി പുറത്തിരിക്കും.

നാല് വിദേശ താരങ്ങൾ എന്നത് തന്നെയാവും സൺറൈസേഴ്സിൻ്റെ പ്രശ്നം. ചില കടുത്ത തീരുമാനങ്ങൾ വേണ്ടിവരും എന്നർത്ഥം.

ആദ്യ മത്സരങ്ങളിലെ സാധ്യതാ ഇലവൻ:
ഡേവിഡ് വാർണർ
വൃദ്ധിമാൻ സാഹ
കെയിൻ വില്ല്യംസൺ
മനീഷ് പാണ്ഡെ
വിജയ് ശങ്കർ
അബ്ദുൽ സമദ്/അഭിഷേക് ശർമ്മ
ജേസൻ ഹോൾഡർ/ മിച്ചൽ മാർഷ്
റാഷിദ് ഖാൻ
ഭുവനേശ്വർ കുമാർ
ടി നടരാജൻ
സന്ദീപ് ശർമ്മ/ ഷഹബാസ് നദീം

Story Highlights – ipl team analysis sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here