പെനാൽറ്റി നഷ്ടപ്പെടുത്തി ലൂയിസ് മച്ചാഡോ; നോർത്തീസ്റ്റിനെ കീഴ്പ്പെടുത്തി എടികെ മോഹൻബഗാൻ ഫൈനലിൽ

ഐഎസ്എലിൻ്റെ രണ്ടാം സെമിഫൈനലിൽ നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ എടികെ മോഹൻബഗാന് ജയം. ഇരു പാദങ്ങളിലുമായി നോർത്തീസ്റ്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എടികെ മോഹൻബഗാൻ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചിരുന്നു. ജയത്തോടെ എടികെ മോഹൻബഗാൻ ഫൈനലിൽ പ്രവേശിച്ചു. ഡേവിഡ് വില്ല്യംസ്, മൻവീർ സിംഗ് എന്നിവർ എടികെയ്ക്കായി ഗോൾ നേടിയപ്പോൾ വിപി സുഹൈർ നോർത്തീസ്റ്റിനായി ഒരു ഗോൾ മടക്കി.
ആക്രമണ ഫുട്ബോളാണ് ഇരു ടീമുകളും കാഴ്ചവച്ചത്. ഫൈനൽ തേർഡിൽ എടികെ ആയിരുന്നു കൂടുതൽ അപകടം വിതച്ചത്. ആക്രമണവും പ്രത്യാക്രമണവും കൊഴുക്കുന്നതിനിടെ 38ആം മിനിട്ടിൽ ഡേവിഡ് വില്ല്യംസ് എടികെയെ മുന്നിലെത്തിച്ചു. റോയ് കൃഷ്ണയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയിൽ എടികെ മറുപടിയില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ നോർത്തീസ്റ്റ് കൂടുതൽ ആക്രമിച്ചുകളിച്ചു. എന്നാൽ, ഗോൾ നേടിയത് എടികെ മോഹൻബഗാൻ തന്നെ ആയിരുന്നു. 68ആം മിനിട്ടിൽ റോയ് കൃഷ്ണയുടെ അസിസ്റ്റിൽ നിന്ന് മൻവീർ സിംഗ് നേടിയ ഗോൾ എടികെയ്ക്ക് വ്യക്തമായ ലീഡ് നേടിക്കൊടുത്തു. ഗോൾ മടക്കാനുള്ള ശ്രമം തുടർന്ന നോർത്തീസ്റ്റിന് 74ആം മിനിട്ടിൽ വിപി സുഹൈറിലൂടെ അതിനുള്ള ഫലം ലഭിച്ചു. 83ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ നോർത്തീസ്റ്റിന് സമനില പിടിക്കാൻ അവസരം ലഭിച്ചു. എന്നാൽ, കിക്കെടുത്ത ലൂയിസ് മച്ചാഡോയ്ക്ക് പിഴച്ചു. അവസാന സമയങ്ങളിൽ നോർത്തീസ്റ്റ് ആക്രമണത്തെ എടികെ ഫലപ്രദമായി തടഞ്ഞുനിർത്തി.
Story Highlights – atk mohunbagan won against northeast united in semifinal 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here