പരുക്ക്; നടരാജന് ടി-20 പരമ്പര നഷ്ടമായേക്കും

Natarajan doubtful T20I series

ഇന്ത്യൻ പേസർ ടി നടരാജന് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര നഷ്ടമായേക്കും. പരുക്കിനെ തുടർന്നാണ് താരത്തിനു പരമ്പര നഷ്ടമാവുക. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരം ആരോഗ്യം വീണ്ടെടുക്കുകയാണ്. മാർച്ച് 12 വരെയെങ്കിലും നടരാജൻ വിശ്രമത്തിലാവുമെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി ടീം മാനേജ്മെൻ്റിനെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ബിസിസിഐ പ്രതികരിച്ചിട്ടില്ല.

മാർച്ച് 12നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുക. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സൂര്യ കുമാർ യാദവും ഇഷാൻ കിഷനും ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ, അക്‌സർ പട്ടേൽ തുടങ്ങിയവരും ടീമിലുണ്ട്. പരുക്കു കാരണം മുഹമ്മദ് ഷമിയെ ടീമിലേയ്ക്ക് പരിഗണിച്ചില്ല. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു.

അതേസമയം, ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം പരാജയപ്പെട്ടിട്ടാണ് ഇന്ത്യ ഉജ്ജ്വലമായി തിരികെ എത്തിയത്. അവസാന മത്സരത്തിൽ ഇന്നിംഗ്സിനും 25 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 205 റൺസിന് ഓളൗട്ടായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 135 റൺസിന് ഓളൗട്ടായി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 365 റൺസാണ് എടുത്തത്.

ഇന്ത്യക്ക് വേണ്ടി രണ്ട് ഇന്നിംഗ്സുകളിലുമായി അക്സർ പട്ടേൽ 9ഉം ആർ അശ്വിൻ 8ഉം വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി ബാറ്റിംഗിൽ ഋഷഭ് പന്ത് (101), വാഷിംഗ്ടൺ സുന്ദർ (96*), രോഹിത് ശർമ്മ (49), അക്സർ പട്ടേൽ (43) എന്നിവരാണ് തിളങ്ങിയത്.

Story Highlights – T Natarajan doubtful for T20I series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top