ചാലക്കുടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ചാലക്കുടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗ്രൂപ്പ് വീതംവെപ്പില്‍ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. മണ്ഡലത്തില്‍ ഉള്ളവരെ തന്നെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. എട്ട് മണ്ഡലം കമ്മറ്റികളിലെ ഭാരവാഹികള്‍ രാജി ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമായി. ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമായിരിക്കും മാറ്റമുണ്ടാവുക. ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണയായി. കോഴിക്കോട് നോര്‍ത്തില്‍ കെഎസ്‌യു നേതാവ് കെ.എം. അഭിജിത്ത്, പൂഞ്ഞാറില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, കൊല്ലം മണ്ഡലത്തില്‍ ബിന്ദു കൃഷ്ണ എന്നിവര്‍ മത്സരിക്കും. കല്‍പറ്റ സീറ്റില്‍ ടി. സിദ്ദിഖ് മത്സരിക്കുമെന്നാണ് സൂചനകള്‍.

35 ഇടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നാണ് വിവരങ്ങള്‍. മാനന്തവാടിയില്‍ പി.കെ. ജയലക്ഷ്മി മത്സരിച്ചേക്കും. കാഞ്ഞിരപ്പള്ളിയില്‍ ലതികാ സുഭാഷിന്റെ പേര് അന്തിമഘട്ടത്തിലാണ്. ഇരിക്കൂറില്‍ ശക്തമായ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇവിടെ സോണി സെബാസ്റ്റ്യന്റെയും സജീവ് ജോസഫിന്റെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്. കൊയിലാണ്ടിയില്‍ കെ.പി. അനില്‍കുമാറിന്റെ പേരാണ് പരിഗണിക്കുന്നത്.

Read Also : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 21 സിറ്റിംഗ് എംഎല്‍എമാര്‍; 40 ഓളം സീറ്റുകളില്‍ ചര്‍ച്ച പുരോഗമിക്കുന്നു

സ്‌ക്രീനിംഗ് കമ്മിറ്റി യോഗം നിലവില്‍ തുടരുകയാണ്. സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ എത്തിയിട്ടുള്ള ഹൈക്കമാന്‍ഡിന്റെ പട്ടികയില്‍ നിന്ന് വ്യത്യസ്തമാണ് നിലവില്‍ തയാറാകുന്ന സ്ഥാനാര്‍ത്ഥി പട്ടിക. സ്‌ക്രീനിംഗ് കമ്മിറ്റി നിര്‍ദേശിക്കുന്ന പേരുകള്‍ക്കൊപ്പം ഹൈക്കമാന്‍ഡിന്റെ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്ന പേരുകള്‍ കൂടി കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ഗ്രൂപ്പ് വീതംവയ്ക്കല്‍ നടന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്.

Story Highlights – Congress workers protest in Chalakudy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top