പരസ്യ പ്രചാരണത്തിലേക്ക് കടന്ന് ഇടത് മുന്നണി; സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും

നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിലേക്ക് കടന്ന് ഇടത് മുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും. മുന്നണിയുടെ പ്രകടനപത്രികയും ഉടന്‍ പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പ്രചാരണം നടത്തും.

ചില മണ്ഡലങ്ങളില്‍ ഒഴികെ ബാക്കിയെല്ലാ സ്ഥാനാര്‍ത്ഥികളേയും ഇടത് മുന്നണി പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുന്‍പ് ആദ്യഘട്ട പ്രചാരണം ആരംഭിച്ച് മേല്‍ക്കൈ നേടാനാണ് ഇടത് മുന്നണി ശ്രമം. സ്ഥാനാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പ്രചാരണം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.

മിക്ക ജില്ലകളിലും സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനാണ് മുന്നണി ആലോചിക്കുന്നത്. തുടര്‍ന്ന് പ്രധാനനേതാക്കളുടെ സംസ്ഥാന പര്യടനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളിലും പ്രചാരണത്തില്‍ പങ്കെടുക്കും. കാനം രാജേന്ദ്രന്‍, എ. വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, ജോസ് കെ. മാണി എന്നിവര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. സീതാറാം യെച്ചൂരി, എച്ച്. രാജ, ശരദ് പവാര്‍, എച്ച്.ഡി. ദേവഗൌഡ എന്നിവരും വിവിധ സമയങ്ങളിലായ പ്രചരണത്തിന്റെ ഭാഗമാകും.

Story Highlights – LDF election campaign

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top