സംയമനം പാലിക്കണം; ആശുപത്രിയിൽ നിന്ന് വിഡിയോ പുറത്തുവിട്ട് മമത ബാനർജി

ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി ആശുപത്രിയിൽ നിന്ന് വിഡിയോ സന്ദേശം പുറത്തുവിട്ടു. കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ നിന്നാണ് മമതാ ബാനർജി വിഡിയോ സന്ദേശം പുറത്തുവിട്ടത്. താൻ ഉടൻ പ്രചാരണത്തിനായി ഇറങ്ങുമെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും മമത ആഹ്വാനം ചെയ്തു. അഞ്ചോളം പേർ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്നും, കാലിൽ പൊട്ടലും, നെഞ്ചിലും തലയിലും വേദനയും ഉള്ളതായി മമത പറഞ്ഞു.

മുഖ്യമന്ത്രിക്ക് നേരെയുണ്ടായത് അപായപ്പെടുത്താനുള്ള ആസൂത്രിത ആക്രമണമാണെന്നും അയൽ സംസ്ഥാനങ്ങളിൽ നിന്ന് സാമൂഹ്യവിരുദ്ധർ ബംഗാളിൽ എത്തിയതായും തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തൃണമൂൽ കോൺഗ്രസ് എംപിമാർ നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി അറിയിക്കും. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും, സുരക്ഷാ വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു.

അതേസമയം കാറിന്റെ ഫുട്ബോർഡിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികളുടെ പ്രതികരണം. ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി എന്നിവർ സുവേന്ദു അധികാരിയോടൊപ്പം പദയാത്രയിൽ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top