ഇമ്പിച്ചി ബാവ വളര്‍ത്തി, പാലോളി മുഹമ്മദുകുട്ടി പരിപാലിച്ച് ഇടതോരം ചേര്‍ത്ത പൊന്നാനി; സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യപ്രതിഷേധം ഉയരുമ്പോള്‍ പൊന്നാനിയുടെ ചരിത്രത്തിലേക്ക്

മലബാര്‍ കലാപത്തെ അക്രമത്തിലേക്ക് വഴുതി വീഴാതെ തടഞ്ഞ ഇമ്പിച്ചിക്കോയ തങ്ങളുടെയും കെ.കേളപ്പന്റെയും മണ്ണാണ് പൊന്നാനി. അധിനിവേശത്തെ ചെറുത്ത ആ മണ്ണിലേക്ക് പാര്‍ട്ടിയിങ്ങനെ അയല്‍പക്കത്തെ സ്ഥാനാര്‍ത്ഥിയെ ഇറക്കുന്നത് പതിവാക്കിയാല്‍ പ്രതിഷേധിക്കാതെ ഇരിക്കാനാകുമോ എന്നാണ് തലമുതിര്‍ന്ന അണികള്‍ പോലും ചോദിക്കുന്നത്.

മലപ്പുറം ജില്ലയുടെ ഭാഗമാണെങ്കിലും ഏറനാടിനേക്കാള്‍ പൊന്നാനിക്കിഷ്ടം വള്ളുവനാടിനോടാണ്. 1980 ല്‍ എം.പി. ശ്രീധരന്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി ജയിച്ച പൊന്നാനിയെ 82 ല്‍ എം.പി. ഗംഗാധരനും 87 ല്‍ പി.ടി. മോഹന കൃഷ്ണനും കോണ്‍ഗ്രസിന് തിരിച്ചു കൊടുത്തു. ഒന്നാമങ്കത്തില്‍ തോല്‍വി രുചിച്ചെങ്കിലും പൊന്നാനിയുടെ മനസറിഞ്ഞ ഇമ്പിച്ചി ബാവ 1991 ല്‍ വീണ്ടും കളത്തിലിറങ്ങി, മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്ന് ഇമ്പിച്ചി ബാവയുടെ രാഷ്ട്രീയ ശിഷ്യനായ പാലോളി മുഹമ്മദ് കുട്ടി മലപ്പുറത്തു നിന്ന് പൊന്നാനിയിലിറങ്ങി. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെങ്കിലും 1996 ല്‍ ജയത്തുടര്‍ച്ചയായിരുന്നു ഫലം. എന്നാല്‍ തൊട്ടടുത്ത ഊഴത്തിനെത്തിയ ടി.കെ.ഹംസയ്ക്ക് അടിപതറി. ലാളിത്യം കൊണ്ട് പൊന്നാനിയെ കൈയിലെടുത്ത പാലോളി വീണ്ടുമിറങ്ങി. ഫലം, 2006 ല്‍ മണ്ഡലം വീണ്ടും ഇടത്തേക്ക്.

28,347 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമായിരുന്നു പൊന്നാനി പാലോളിക്ക് നല്‍കിയ സമ്മാനം. പാലോളി തെരഞ്ഞെടുപ്പു ഗോദ വിട്ടപ്പോള്‍ നാട്ടുകാരനായ ടി.എം. സിദ്ദിഖിന് അവസരം കിട്ടുമെന്ന് നാട്ടുകാര്‍ ആഗ്രഹിച്ചു. പക്ഷേ നടന്നില്ല. പാലോളിയുടെ പിന്‍ഗാമിയായി 2011ല്‍ പെരിന്തല്‍ മണ്ണയില്‍ നിന്ന് പി. ശ്രീരാമകൃഷ്ണനിറങ്ങി. ഭൂരിപക്ഷം 4101 വോട്ട്. 2016 ല്‍ അത് മൂന്നിരട്ടി കൂട്ടിയ ശ്രീരാമകൃഷ്ണന് രണ്ടു ടേം നിബന്ധനയില്‍ ഇക്കുറി ഗ്യാലറിയിലേക്ക് മടങ്ങേണ്ടി വന്നു.

വീണ്ടും ഉയര്‍ന്നു അടിത്തട്ടില്‍ നിന്ന് ടി.എം. സിദ്ദിഖിന്റെ പേര്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് അണികള്‍ തെരുവില്‍ പറഞ്ഞിട്ടും നേതൃത്വം അത് കണ്ട മട്ടില്ലാത്ത വണ്ണം പ്രഖ്യാപനം നടത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയുള്ളപ്പോള്‍ തന്നെ കോണ്‍ഗ്രസ് ജയിച്ച പൊന്നാനി, ഇരുമുന്നണികളോടും മാറി മാറി മമത കാണിച്ച മണ്ഡലമാണ്. അണികളുടെ അതൃപ്തി പരിഹരിച്ചില്ലെങ്കില്‍ അതിന്റെ ഫലം ബാലറ്റിലറിയാം.

Story Highlights – ponnani constituency history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top