തിരുവനന്തപുരത്ത് കഞ്ചാവ് മൊത്തവില്‍പന നടത്തുന്നയാള്‍ എട്ടുകിലോ കഞ്ചാവുമായി പിടിയില്‍

തിരുവനന്തപുരം നഗരത്തില്‍ കഞ്ചാവ് മൊത്ത വില്‍പന നടത്തിയിരുന്നയാള്‍ എട്ടു കിലോ കഞ്ചാവുമായി പൊലീസ് പിടിയില്‍. മുട്ടട മുണ്ടേക്കോണം പനയില്‍ വീട്ടില്‍ മുഹമ്മദ് ഷാനവാസ് (34) നെയാണ് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) ടീമിന്റെ സഹായത്തോടെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, നഗരത്തിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് മൊത്ത വില്‍പ്പന നടത്തുന്ന ഷാനവാസിനെ ഡാന്‍സാഫ് ടീം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ ടീം തിരുവല്ലം പൊലീസുമായി ചേര്‍ന്ന് തിരുവല്ലം മുട്ടയ്ക്കാടുള്ള വാടക വീട്ടില്‍ നിന്നുമാണ് എട്ടു കിലോ കഞ്ചാവുമായി പിടികൂടിയത്.

ഇയാള്‍ക്കെതിരെ മണ്ണന്തല, മെഡിക്കല്‍ കോളജ്, പേരൂര്‍ക്കട, അരുവിക്കര, കാട്ടാക്കട തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. തിരുവല്ലം എസ്എച്ച്ഒ രാജീവ്, എസ്‌ഐ പ്രകാശ്, എഎസ്‌ഐ ഗിരീശന്‍, സിപിഒ ഹാരോണ്‍, ഡാന്‍സാഫ് എസ്‌ഐ ഗോപകുമാര്‍, സജി, വിനോദ്, രഞ്ജിത്, അരുണ്‍, ഷിബു, നാജിബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളിലും ഊര്‍ജിതമായ പരിശോധനകള്‍ തുടരുമെന്ന് ഐജിപിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

Story Highlights – cannabis wholesaler arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top