പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. തെരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള പ്രചാരണങ്ങള്‍ സദുദ്ദേശത്തോടെയല്ലെന്നും ശാസ്ത്രീയമായാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവര്‍ഷം പിന്നിട്ടതുമുതലാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം ശാസ്ത്രീയമായി കണക്കാക്കുന്നതെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. 1990-1991 മുതല്‍ 2019-20 വരെയുള്ള 30 വര്‍ഷങ്ങളില്‍ കേരളത്തിലെ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലുണ്ടായ മാറ്റം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചാര്‍ട്ട് ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ തന്നെ 2018-19 മുതലാണ് ഗ്രാഫ് മുകളിലോട്ട് ഉയരാന്‍ തുടങ്ങുന്നതെന്ന് വളരെ വ്യക്തമായി കാണാന്‍ കഴിയും.

ഓരോ വര്‍ഷവും ഓരോ ക്ലാസിലും എത്രമാത്രം കുട്ടികള്‍ എത്തി എന്ന കണക്ക് എല്ലാ വര്‍ഷവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരസ്യപ്പെടുത്തുന്നുണ്ട്. പുതുതായി വന്ന കുട്ടികളുടെ എണ്ണം എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പുതിയ കുട്ടികളുടെ എണ്ണം നാലു വര്‍ഷം കൊണ്ട് 6.8 ലക്ഷമായി എന്നത് മാത്രമല്ല ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലുണ്ടായി. എല്ലാ ദുഷ്പ്രചാരണങ്ങളേയും അവഗണിച്ച് പൊതുവിദ്യാഭ്യാസ രംഗം ഇനിയും കൂടുതല്‍ ശക്തിയോടെ കുതിക്കും. അടുത്ത ജൂണില്‍ ഗ്രാഫ് ഇനിയുമുയരും. വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുതെന്നും മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

Story Highlights – c raveendranath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top