കുറ്റ്യാടി സീറ്റ് വിട്ടുനൽകി കേരളാ കോൺഗ്രസ് എം; മണ്ഡലത്തിൽ സിപിഐഎം മത്സരിക്കും

കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകിയെന്ന് കേരള കോൺഗ്രസ് എം. മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് പ്രഥമ പരിഗണനയെന്ന് കേരളാ കോൺഗ്രസ് എം പറഞ്ഞു. കുറ്റ്യാടിയിൽ സ്ഥാനാർത്ഥി സിപിഐഎം ചർച്ച നാളെയുണ്ടാകും. മണ്ഡലത്തിൽ കുഞ്ഞാഹമ്മദ് കുട്ടി മാസ്റ്റരെ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്.
വാർത്താ കുറിപ്പിലൂടെയാണ് കുറ്റ്യാടിയിൽ സിപിഐഎമ്മിന് സീറ്റ് വിട്ടുനൽകുന്നുവെന്ന തീരുമാനം കേരളാ കോൺഗ്രസ് അറിയിച്ചത്. കേരളാ കോൺഗ്രസ് എമ്മിന് കുറ്റ്യാടി ഉൾപ്പടെ 13 നിയസഭാ സീറ്റുകളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നൽകിയത്. എന്നാൽ കുറ്റ്യാടിയിൽ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലാണ് കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകാൻ തീരുമാനിച്ചിരിക്കുന്നതായി ചെയർമാൻ ജോസ് കെ.മാണി അറിയിച്ചത്. കേരളാ കോൺഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണനയെന്നും, ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിക്കേണ്ടതും, എൽഡിഎഫിന്റെ തുടർഭരണം കേരളത്തിൽ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന ഉന്നതമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇത്തരത്തിലൊരു തീരുമാനം പാർട്ടി സ്വീകരിക്കുന്നതെന്നും വാർത്താ കുറിപ്പിൽ ജോസ് കെ മാണി പറഞ്ഞു.
മുന്നണിയുടെ ഐക്യത്തിന് ഒരു പോറൽപ്പോലും എൽപ്പിക്കുന്ന ഒന്നും കേരളാ കോൺഗ്രസ് എം പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന നിർബന്ധമുണ്ടെന്നും 13 സീറ്റ് കേരളാ കോൺഗ്രസ് പാർട്ടിക്ക് പൂർണ്ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ.മാണി പറഞ്ഞു.
Story Highlights – kerala congress m leaves kutyadi seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here