Advertisement

ഒന്നാം നമ്പർ മുതൽ എട്ടാം നമ്പർ വരെ നീളുന്ന ബാറ്റിംഗ് വിസ്ഫോടനം; കുട്ടി ക്രിക്കറ്റ് ഇന്ത്യക്കിനി കുട്ടിക്കളിയല്ല

March 15, 2021
Google News 2 minutes Read
india revamping t20 team

2007 ടി-20 ലോകകപ്പ് ഇന്ത്യക്കൊരു കുട്ടിക്കളിയായിരുന്നു. മുതിർന്ന താരങ്ങളെ ഒഴിവാക്കി എം എസ് ധോണിയെന്ന റാഞ്ചിക്കാരൻ മുടിയനെ ക്യാപ്റ്റനാക്കി ടീം ഇന്ത്യയെ ദക്ഷിണാഫ്രിക്കക്ക് അയച്ചത് എഞ്ചോയ്മെൻ്റിനു വേണ്ടിയായിരുന്നു. പക്ഷേ, കാലം മാറി, കഥ മാറി. തമാശക്കളിക് പോയ ടീം കൊണ്ടുവന്നതല്ലാതെ മറ്റൊരു ട്രോഫി ടി-20 ലോകകപ്പിൽ സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞതുമില്ല. അതുകൊണ്ട് തന്നെ ഇന്ത്യ ഇത്തവണ തന്ത്രം മാറ്റിപ്പിടിക്കുകയാണ്.

രോഹിത് ശർമ്മ
ലോകേഷ് രാഹുൽ- ഇഷൻ കിഷൻ (ബാക്കപ്പ് ഓപ്പണർ)
വിരാട് കോലി
ശ്രേയാസ് അയ്യർ
ഋഷഭ് പന്ത്
സൂര്യകുമാർ യാദവ്
ഹർദ്ദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
ഭുവനേശ്വർ കുമാർ
മുഹമ്മദ് ഷമി
ജസ്പ്രീത് ബുംറ

ടി-20 ലോകകപ്പിൽ ഇന്ത്യയുടെ ഈ ലൈനപ്പ് എങ്ങനെയുണ്ടാവും? ബൗളിംഗിലെ ചോദ്യങ്ങൾ അവിടെ നിൽക്കട്ടെ. ഒന്നാം നമ്പർ മുതൽ എട്ടാം നമ്പർ വരെ നീളുന്ന എക്സ്പ്ലോസിവ് ബാറ്റിംഗ് നിരയാണ് ഇത്. ഫിയർലസ് ക്രിക്കറ്റർമാരുടെ ഒരു കൂട്ടം. ഈ ലൈനപ്പ് തന്നെയാവണം ലോകകപ്പിലെന്ന് നിർബന്ധമില്ല. ഐപിഎലിലെ എക്സ്ട്രാ ഓർഡിനറി പ്രകടനങ്ങളും സീരീസിലെ വരും മത്സരങ്ങളിലെ പ്രകടനങ്ങളും ലോകകപ്പ് ലൈനപ്പിൽ നിർണായകമാവും. പക്ഷേ, ബാറ്റിംഗ് ഓർഡറിൽ ആരെ റീപ്ലേസ് ചെയ്താലും പകരം എത്തുന്ന താരം ഫയർപവറിൽ പിന്നാക്കം പോവില്ല എന്നതാണ് ശ്രദ്ധേയം.

ടോപ്പ് ഓർഡർ കഴിഞ്ഞാൽ, മധ്യനിരയിൽ ഇന്ത്യൻ ടി-20 ടീം മെല്ലെപ്പോക്ക് നടത്തുകയാണെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറും ക്യാപ്റ്റൻ വിരാട് കോലിയും അത് തിരുത്താൻ രംഗത്തിറങ്ങുന്നത്. മാനേജ്മെൻ്റിൻ്റെ പൂർണ പിന്തുണ കൂടി ഈ സംരംഭത്തിന് ലഭിച്ചതോടെ യുവതാരങ്ങൾ പലരും ടി-20 ടീമിലെത്തി. സഞ്ജുവും സൂര്യകുമാർ യാദവും മനീഷ് പാണ്ഡെയും ശിവം ദുബെയുമൊക്കെ ഇക്കാലയളവിൽ, ഈ പരീക്ഷണത്തിൻ്റെ പേരിൽ ടീമിലെത്തിയവരാണ്. ഇഷാൻ കിഷൻ പോലും മധ്യനിരയിലെത്താൻ സാധ്യതയുള്ള താരമാണ്. സൂര്യകുമാർ യാദവിന് അവസരം ലഭിച്ചില്ല. മറ്റ് മൂന്നു പേർക്ക് കിട്ടിയ അവസരങ്ങൾ കാര്യമായി മുതലെടുക്കാൻ കഴിഞ്ഞതുമില്ല. സീരീസിൽ ലഭിക്കുന്ന അവസരം സൂര്യകുമാറിന് മുതലെടുക്കാനായാൽ മേല്പറഞ്ഞത് തന്നെയാവും ഇന്ത്യയുടെ ഫൈനൽ ഇലവൻ.

കളിശൈലിയിലെ മാറ്റം കഴിഞ്ഞ മത്സരത്തിലും ഇന്ത്യ പരീക്ഷിച്ചതാണ്. പക്ഷേ, പരാജയപ്പെട്ടു. എന്നാൽ, രണ്ടാം മത്സരത്തിൽ ഇന്ത്യ ശൈലി മാറ്റിയില്ല. വിജയിക്കുകയും ചെയ്തു. കളിച്ച ഓരോരുത്തരും നേരത്തെ പറഞ്ഞ ഫിയർലസ് ബാറ്റിംഗ് ആണ് കാഴ്ചവച്ചത്. ഇഷൻ കിഷനും ഋഷഭ് പന്തും കാഴ്ചവച്ച ആറ്റിറ്റ്യൂഡ് തന്നെയാണ് ഇനി ഇന്ത്യയുടെ ക്യാരക്ടർ. ഈ ക്യാരക്ടർ ഉപയോഗിച്ചാണ് ഇംഗ്ലണ്ട് പരിമിത ഓവർ മത്സരങ്ങളിൽ ഡോമിനൻസ് കാണിക്കുന്നത്. ആ ഡോമിനൻസ് ആണ് ഇന്ത്യയുടെയും ലക്ഷ്യം. പകരം വെക്കാൻ ഒന്നിലധികം താരങ്ങൾ ഉള്ളതുകൊണ്ട് അതിലേക്ക് എത്തിപ്പെടാൻ ഇന്ത്യക്ക് ബുദ്ധിമുട്ടേണ്ടി വരികയും ചെയ്യില്ല.

വാഷിംഗ്ടൺ സുന്ദർ, ശർദ്ദുൽ താക്കൂർ, ടി നടരാജൻ, യുസ്‌വേന്ദ്ര ചഹാൽ എന്നിങ്ങനെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടെന്നത് സത്യമാണ്. ഇവരിലാരൊക്കെ ഫൈനൽ ഇലവനിൽ ഉണ്ടാവണം എന്നതാണ് കാര്യം.

സഞ്ജുവിൻ്റെ സാധ്യതകൾ

ഒരു അപാര ഐപിഎൽ സീസൺ കൊണ്ട് സഞ്ജുവിന് ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാവുന്നതേയുള്ളൂ. ടോപ്പ് ഓർഡറിൽ, നാലാം നമ്പർ വരെ ഫിൽ ആണ്. അഞ്ചാം നമ്പറിലാണ് സഞ്ജുവിൻ്റെ സാധ്യതകൾ കിടക്കുന്നത്. പക്ഷേ, ലെഫ്റ്റ് ഹാൻഡർ എന്ന ആനുകൂല്യം ഋഷഭ് പന്തിനുണ്ട്. ടോപ്പ് ഓർഡറിൽ, കിഷനെ മാറ്റിനിർത്തിയാൽ ഒരു ലെഫ്റ്റ് ഹാൻഡർ പോലും ഇല്ല. ഈ ഫാക്ടറിനെയും പ്രകടനം കൊണ്ട് സഞ്ജു മറികടക്കണം.

Story Highlights – india revamping t20 team for world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here