Advertisement

സ്റ്റേഡിയം പരിപാലനത്തിന് ഒരു വർഷത്തെ ചെലവ് ഒരു കോടിയോളം; ഇനി ചെലവാക്കേണ്ടത് 50 ലക്ഷത്തോളം: കെസിഎ സെക്രട്ടറി

March 15, 2021
Google News 2 minutes Read
kca sports hub controversy

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആർമി റിക്രൂട്ട്മെൻ്റിനു നൽകിയത് തങ്ങളല്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്റ്റേഡിയത്തിൻ്റെ നടത്തിപ്പ് അവകാശമുള്ള ഐഎൽഎഫ്എസ് (ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫൈനാൻഷ്യൽ സർവീസസ്) ആണ് സ്റ്റേഡിയം ആർമി റിക്രൂട്ട്മെൻ്റിനു വാടകയ്ക്ക് നൽകിയതെന്നും ഐഎൽഎഫ്എസുമായുള്ള കരാറിൽ നിന്ന് കെസിഎ പിന്മാറിയെന്നും സെക്രട്ടറി ശ്രീജിത്ത് നായർ 24നോട് പ്രതികരിച്ചു.

“കേരള ക്രിക്കറ്റ് അസോസിയേഷനെ കുറ്റപ്പെടുത്തുന്നത് ഇത് നശിച്ചതുകൊണ്ടാണല്ലോ. ഇത് ഇത്രയും നാളും നോക്കിനടത്തിയത് കെസിഎ ആണെന്ന് കായിക പ്രേമികൾക്കോ പൊതുജനങ്ങൾക്കോ അറിയില്ല. ഇത് കെസിഎയും ഐഎൽഎഫ്എസുമായുള്ള ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ 2015 മുതൽ കെസിഎ ആണ് സ്റ്റേഡിയത്തിലെ പുൽമൈതാനവും മറ്റും സംരക്ഷിക്കുന്നത്. ഇത് ജനങ്ങൾക്കറിയില്ല. കൂടാതെ, ഒരു വർഷത്തിൽ 180 ദിവസം മാത്രമാണ് കെസിഎയ്ക്ക് സ്റ്റേഡിയം ഉപയോഗിക്കാൻ അനുമതിയുള്ളത്. എങ്കിലും, 365 ദിവസവും ഞങ്ങൾ ടർഫും മറ്റ് അനുബന്ധ സംവിധാനങ്ങളും സംരക്ഷിക്കുന്നുണ്ട്. കൂടാതെ, സ്റ്റേഡിയം ഉപയോഗിക്കുന്ന ദിവസങ്ങളിൽ നാലായിരം രൂപ വച്ച് ഐഎൽഎഫ്എസിനു കൊടുക്കുന്നുണ്ട്. ടർഫും മറ്റും സംരക്ഷിച്ച് നിർത്തുന്നതിന് ഒരു മാസം 8 ലക്ഷം രൂപയാണ് ഞങ്ങൾക്ക് വരുന്ന ചെലവ്. ഈ കരാറിൽ പറയുന്നതു പ്രകാരം ക്രിക്കറ്റ് അല്ലാതെ മറ്റ് കാര്യങ്ങൾക്ക് സ്റ്റേഡിയം വിട്ടുകൊടുക്കാൻ പാടില്ല. എന്നാൽ, അവർ പലതവണ സ്റ്റേഡിയം മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഐഎൽഎഫ്എസ് സാമ്പത്തികമായി പൊളിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മറ്റ് പരിപാടികൾക്ക് സ്റ്റേദിയം വിട്ടുകൊടുക്കുമ്പോൾ ഉണ്ടാവുന്ന നഷ്ടത്തിൻ്റെ കണക്ക് ഞങ്ങൾ അവർക്ക് നൽകും. പക്ഷേ, ആ പണം തരാൻ അവരുടെ കയ്യിൽ ഉണ്ടാവില്ല. കണക്കിൽ കൂട്ടിക്കോളാൻ അവർ പറയും. ഇപ്പോ ആ കണക്ക് ഏകദേശം ഒന്നരക്കോടി രൂപ ആയി. അത്രയും തുക അവർ ഞങ്ങൾക്ക് തരാനുണ്ട്.”- ശ്രീജിത്ത് നായർ 24നോട് പ്രതികരിച്ചു.

Read Also : ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര; ഗ്രീൻഫീൽഡ് വിട്ടുനൽകാനാവില്ലെന്ന് അധികൃതർ

“കൊവിഡ് സമയത്തും ഞങ്ങൾ സ്റ്റേഡിയവും ടർഫും സംരക്ഷിച്ചിരുന്നു. നമുക്ക് രാജ്യാന്തര മത്സരം ലഭിക്കുന്ന സമയത്ത് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു അത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആയിരുന്നിട്ടും ഞങ്ങളുടെ തൊഴിലാളികൾ അവിടെ ജോലി ചെയ്തു. അങ്ങനെ ഇന്ത്യ-ദക്ഷിണാഫ്രിക്ക (വനിതാ ക്രിക്കറ്റ്) 8 മത്സരങ്ങൾ നമുക്ക് അനുവദിക്കുന്നു. ഞങ്ങൾ മുഖ്യമന്ത്രിയെ കണ്ടു, കായികമന്ത്രിയെ കണ്ടു. അവരൊക്കെ നല്ല പിന്തുണ നൽകി. കൊവിഡ് ഫസ്റ്റ് ലൈൻ സെൻ്റർ സ്റ്റേഡിയത്തിൽ നിന്ന് മാറ്റാം എന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യം ഞങ്ങൾ ഐഎൽഎഫ്എസിനെ അറിയിച്ചു. പുരുഷ രാജ്യാന്തര മത്സരങ്ങൾ നടക്കുമ്പോൾ ടിക്കറ്റ് വില്പനയുടെ 15 ശതമാനം അവർക്ക് നൽകാറുണ്ട്. കൂടുതൽ കാണികളെത്തുന്ന, ലാഭകരമായി നമ്മൾ നടത്തുന്ന ഒന്നാണത്. വനിതാ ടി-20യ്ക്ക് അധികം കാണികൾ വരില്ല. മത്സരം നടത്തിപ്പിനുള്ള തുക മാത്രമേ ബിസിസിഐ നൽകൂ. കളി നടക്കുന്ന കാര്യം അറിയിച്ചപ്പോൾ ഒരു മത്സരത്തിന് 8 ലക്ഷം രൂപ വീതം നൽകണമെന്ന് ഐഎൽഎഫ്എസ് അറിയിച്ചു. അത് നടക്കുന്ന കാര്യമല്ല. എന്നിട്ട്, ഇത് ആർമിക്ക് വാടകയ്ക്ക് നൽകിയ കാര്യം അവർ ഞങ്ങളിൽ നിന്ന് മറച്ചുവച്ചു. ഇത് അറിഞ്ഞിരുന്നെങ്കിൽ മത്സരങ്ങൾ ഞങ്ങൾക്ക് വേണ്ടെന്ന് ബിസിസിഐയെ അറിയിക്കുമായിരുന്നു. തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞാണ് ഇങ്ങനെ ഒരു വിവരം അറിയുന്നത്. സൈന്യത്തിൽ നിന്ന് പണം ഈടാക്കിയാണ് ഇത് നൽകുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കി. കരാർ ലംഘനം ആയതുകാരണം ഞങ്ങൾ കത്തയച്ചു. റിക്രൂട്ട്മെൻ്റ് നടക്കുമ്പോൾ അവിടെ പുല്ല് നനയ്ക്കാൻ ഉപയോഗിക്കുന്ന പോപ്പപ്പ് സ്പ്രിങ്ക്ളറിനു മുകളിൽ ബാരിക്കേഡ് വച്ച് അതൊക്കെ നശിച്ചു. പ്രാക്ടീൻ വിക്കറ്റുകൾ അടക്കം ഔട്ട്ഫീൽഡ് മൊത്തം ചീത്തയായി. ഇതോടെ ഐഎൽഎഫ്എസുമായുള്ള കരാറിൽ നിന്ന് ഞങ്ങൾ പിന്മാറി. ഇനി അത് ഞങ്ങൾ സംരക്ഷിക്കില്ല. ഇനി, സർക്കാർ ഇടപെട്ട് പുതിയ ഒരു രീതി ഉണ്ടാക്കിയാലേ കെസിഎ അത് സംരക്ഷിക്കൂ. നിങ്ങൾ ക്രിക്കറ്റ് കളിക്കു വേണ്ടി ഒരു കോടി രൂപ അവിടെ മുടക്കുന്നു. പക്ഷേ, കളി വരുമ്പോൾ നടത്താൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ആ തുക മുടക്കുന്നത് എന്നാണ് ബിസിസിഐ ചോദിച്ചത്.”- അദ്ദേഹം തുടർന്നു.

“ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഐഎൽഎഫ്എസും കാര്യവട്ടം സ്റ്റേഡിയവും ദേശീയ ഗെയിംസ് കമ്മറ്റിയുമായുള്ള ഒരു കരാർ ആണിത്. അത് പ്രകാരം 15 വർഷത്തേക്ക് സ്റ്റേഡിയം നടത്തിപ്പിനുള്ള ചുമതല ഐഎൽഎഫ്എസിനാണ്. പക്ഷേ, ഐഎൽഎഫ്എസ് സാമ്പത്തികമായി തകർന്നതിനാൽ അവരോട് പണമില്ല. ആവശ്യമുള്ള ജോലിക്കാർ പോലും അവിടെ ഇല്ല. ഇനി സ്റ്റേഡിയം പഴയതു പോലെയാക്കാൻ 30 മുതൽ 50 ലക്ഷം രൂപ വരെ ചെലവാക്കണം. അത് കെസിഎ ചെലവാക്കിയാലും അവർ പണം തരില്ല. അങ്ങനെ തരാനുള്ള പണം 2 കോടി രൂപയാകും. അതുകൊണ്ടാണ് കരാറിൽ നിന്ന് മാറിയത്.”- ശ്രീജിത്ത് നായർ പ്രതികരിച്ചു.

Story Highlights – kca secratery response to sportshub controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here