ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര; ഗ്രീൻഫീൽഡ് വിട്ടുനൽകാനാവില്ലെന്ന് അധികൃതർ

women's cricket Greenfield available

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് ടീമുകളുടെ പരമ്പരക്കായി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് അധികൃതർ. സ്റ്റേഡിയത്തിൻ്റെ നടത്തിപ്പവകാശമുള്ള ഐ.എൽ & എഫ്.എസ് കമ്പനിയാണ് നിലപാടെടുത്തിരിക്കുന്നത്. ആർമി റിക്രൂട്ട്മെന്റ് റാലിക്കായി സ്റ്റേഡിയം അനുവദിച്ചിരിക്കുകയാണെന്നാണ് വിശദീകരണം. ഇതോടെ സംസ്ഥാനത്ത് ഒരു രാജ്യാന്തര മത്സരം കൂടി പ്രതിസന്ധിയിലായി.

ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ ഇന്ത്യൻ പര്യടനത്തിനാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിഗണിച്ചിരുന്നത്. ബിസിസിഐയോട് കെസിഎ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഐ.എൽ & എഫ്.എസ് കമ്പനിയുടെ നിലപാട് ഇതിനു കടുത്ത തിരിച്ചടി ആയിരിക്കുകയാണ്. കൂടുതൽ രാജ്യാന്തര മത്സരങ്ങൾ ഇവിടെ നടത്തുകയും ടെസ്റ്റ് വേദിയാക്കി ഗ്രീൻഫീൽഡിനെ ഉയർത്തുകയും ചെയ്യുക എന്ന കെസിഎയുടെ ലക്ഷ്യത്തിനും ഇത് തിരിച്ചടിയാകും.

അടുത്ത മാസമാണ് പരമ്പര. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി-20കളും പരമ്പരയിൽ ഉണ്ടാവും. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള വനിതാ ടീമിൻ്റെ ആദ്യ രാജ്യാന്തര പരമ്പരയാവും ഇത്.

വനിതകളുടെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റ് ഫെബ്രുവരി 18 മുതൽ ആരംഭിക്കും എന്ന് ബിസിസിഐ അറിയിച്ചിരുന്നു. വിജയവാഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാവും മത്സരങ്ങൾ.

Story Highlights – India-South Africa women’s cricket Greenfield could not be available

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top