രാജ്യാന്തര ടി-20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോലി

Virat Kohli Score 3000

രാജ്യാന്തര ടി-20യിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യിലാണ് കോലി ഈ നേട്ടം സ്വന്തമാകിയത്. രണ്ടാം ടി-20 ആരംഭിക്കുമ്പോൾ 72 റൺസാണ് ഈ നേട്ടത്തിലെത്താൻ ഇന്ത്യൻ ക്യാപ്റ്റനു വേണ്ടിയിരുന്നത്. മത്സരത്തിൽ കോലി 73 റൺസ് നേടി പുറത്താവാതെ നിന്നു.

രാജ്യാന്തര ടി-20യിൽ ഇന്ത്യൻ ക്യാപ്റ്റനാണ് നിലവിൽ ഒന്നാമത്. 87 മത്സരങ്ങളിൽ നിന്ന് 50.86 ശരാശരിയിൽ 3001 റൺസാണ് കോലിക്കുള്ളത്. ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ രണ്ടാം സ്ഥാനത്താണ്. 99 മത്സരങ്ങളിൽ നിന്ന് 32.36 ശരാശരിയിൽ 2839 റൺസാണ് ഗപ്റ്റിലിൻ്റെ സ്വന്തം. 108 മത്സരങ്ങളിൽ നിന്ന് 2773 റൺസുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ മൂന്നാം സ്ഥാനത്താണ്.

മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടപ്പെടുത്തി 17.5 ഓവറിൽ ഇന്ത്യ മറികടന്നു. കോലിക്കൊപ്പം അരങ്ങേറ്റത്തിൽ തന്നെ ഫിഫ്റ്റി നേടിയ യുവതാരം ഇഷൻ കിഷനും ഇന്ത്യക്കായി തിളങ്ങി. 56 റൺസ് നേടിയ ഇഷൻ കിഷനാണ് മത്സരത്തിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top