ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന പ്രഖ്യാപനം; ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. കോടിയേരിയുടെ പാർട്ടിയും ലതികാ സുഭാഷും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇന്ന് കോട്ടയത്ത് പറയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുന്നണിയെ വെല്ലുവിളിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ച ലതിക സുഭാഷിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാൻ ആണ് കോൺഗ്രസിൻ്റെ തീരുമാനം. ഏറ്റുമാനൂരിൽ ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകി.
Read Also : ലതിക സുഭാഷ് സ്ഥാനാര്‍ത്ഥിത്വത്തിന് അര്‍ഹ; പ്രതിഷേധിച്ച രീതി അംഗീകരിക്കാനാകില്ലെന്ന് പി.ടി. തോമസ്
പ്രവർത്തകരെ വിലക്കുന്നതിൽ ഒതുങ്ങുന്നതല്ല കോൺഗ്രസ് നീക്കങ്ങൾ. ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതികരിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ലതികയ്ക്ക് എതിരെ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന നൽകി.
കോൺഗ്രസിനുള്ളിലെ കേരള കോൺഗ്രസ് വിരുദ്ധ വികാരം പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാം എന്ന് പ്രതീക്ഷിക്കുന്ന ലതികയ്ക്ക് തിരിച്ചടിയാണ് ഈ നിലപാട്. എന്നാൽ പിന്നോട്ടില്ലെന്ന് ലതിക സുഭാഷ് ആവർത്തിച്ചു
കോൺഗ്രസ് ശക്തമായ നിലപാടെടുത്തതോടെ ജോസഫ് വിഭാഗവും ആത്മവിശ്വാസത്തിലാണ്. വോട്ട് ചോർച്ച ഒഴിവാക്കാൻ മുതിർന്ന നേതാക്കളെ ഏറ്റുമാനൂരിൽ എത്തിച്ച് പ്രചാരണം ഊർജിതമാക്കാൻ ആണ് യുഡിഎഫ് ആലോചന.
Story Highlights – Congress tightens stance against Lathika Subhash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here