അടി, തിരിച്ചടി; റൺസ് ഒഴുകിയ മത്സരത്തിൽ ഇന്ത്യൻ ലെജൻഡിനു ജയം

road safety india semifinal

റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ആദ്യ സെമിഫൈനലിൽ ഇന്ത്യൻ ലെജൻഡ്സിനു ജയം. റൺസ് ഒഴുകിയ മത്സരത്തിൽ 12 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 218 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് മാത്രമേ നേടാനായുള്ളൂ. ജയത്തോടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എടുത്തത് 3 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ്. 65 റൺസ് നേടിയ സച്ചിൻ ടോപ്പ് സ്കോറർ ആയപ്പോൾ കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ യുവരാജ് 20 പന്തുകളിൽ പുറത്താവാതെ 49 റൺസടിച്ച് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു. അവസാന ഘട്ടത്തിൽ യുവിക്കൊപ്പം 20 പന്തുകളിൽ 37 റൺസെടുത്ത യൂസുഫ് പത്താനും തിളങ്ങി.

ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ചാണ് സെവാഗ് ഇന്നിംഗ്സ് ആരംഭിച്ചത്. 56 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ടിനോ ബെസ്റ്റിനു വിക്കറ്റ് സമ്മാനിച്ച് സെവാഗ് (17 പന്തിൽ 35) മടങ്ങി. രണ്ടാം വിക്കറ്റിൽ കൈഫ്-സച്ചിൻ സഖ്യം 53 റൺസ് പടുത്തുയർത്തി. ഓസ്റ്റിനാണ് കൈഫിനെ (21 പന്തിൽ 27) പുറത്താക്കിയത്. ഇതിനിടെ സച്ചിൻ ഫിഫ്റ്റിയടിച്ചു. 42 പന്തിൽ 65 റൺസെടുത്ത സച്ചിനെ ബെസ്റ്റ് പുറത്താക്കി. 14.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിൽ നിന്നാണ് യുവിയും യൂസുഫും തുടങ്ങിയത്. 78 റൺസാണ് അവസാന 6 ഓവറിൽ ഇരുവരും സ്കോർ ചെയ്തത്.

മറുപടി ബാറ്റിംഗിൽ വേഗം തന്നെ വില്ല്യം പെർകിൻസ് (9) മൻപ്രീത് ഗോണിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഡ്വെയിൻ സ്മിത്ത്-നാർസിംഗ് ഡിയോനരൈൻ സഖ്യം ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. ആവശ്യമായതിലും അധികം റൺ റേറ്റ് സൂക്ഷിച്ച്, വെടിക്കെട്ട് ബാറ്റിംഗാണ് ഇരുവരും കാഴ്ചവച്ചത്. ഇതിനിടെ സ്മിത്ത് ഫിഫ്റ്റിയടിച്ചു. 99 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ സ്മിത്ത് മടങ്ങി. 36 പന്തിൽ 63 റൺസെടുത്ത സ്മിത്തിനെ ഇർഫാൻ പത്താനാണ് പുറത്താക്കിയത്. കിർക് എഡ്വാർഡ്സ് (0) വന്നതുപോലെ മടങ്ങി. എന്നാൽ, നാലാം വിക്കറ്റിൽ നാർസിംഗിനൊപ്പം ബ്രയാൻ ലാറ എത്തിയതോടെ വീണ്ടും റൺ ഒഴുകി. ഗതകാലത്തെ ഓർമിപ്പിച്ച് ലാറ നിറഞ്ഞാടുമ്പോൾ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായിരുന്നു. 80 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ വിനയ് കുമാർ ലാറയെ (28 പന്തിൽ 46) പുറത്താക്കി. ടിനോ ബെസ്റ്റിന് (2) കാര്യമായി ഒന്നും ചെയ്യാനായില്ല. അവസാന ഓവറിലെ ആദ്യ പന്തിൽ ഡിയോനരൈൻ (44 പന്തിൽ 59) റണ്ണൗട്ടായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

Story Highlights – road safety world series india won against wet indies semifinal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top