ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം

india england 4th t20

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി-20 ഇന്ന്. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1ന് പിന്നിൽ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മത്സരം ജയിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. പരാജയപ്പെട്ടാൽ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും. അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം.

ഓപ്പണിംഗ് ആണ് ഇന്ത്യയുടെ ആദ്യ പ്രശ്നം. ധവാൻ-രാഹുൽ, രാഹുൽ-കിഷൻ, രാഹുൽ-രോഹിത് എന്നിങ്ങനെ മൂന്ന് വിവിധ ഓപ്പണിംഗ് ജോഡികളാണ് മൂന്ന് മത്സരങ്ങളിലായി കളിച്ചത്. 2, 0, 7 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിലെ ഓപ്പണിംഗ് വിക്കറ്റിൽ ഇന്ത്യ യഥാക്രമം സ്കോർ ചെയ്തത്. സമീപകാലത്ത് ടി-20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരമെന്ന് നിസ്സംശയം പറയാവുന്ന ലോകേഷ് രാഹുലിൻ്റെ ഫോം ആണ് മറ്റൊരു പ്രതിസന്ധി. 1, 0, 0 എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരങ്ങളിലെ രാഹുലിൻ്റെ സ്കോറുകൾ. ഫിനിഷർ റോൾ മനോഹരമായി ചെയ്തുപോന്നിരുന്ന ഹർദ്ദിക് പാണ്ഡ്യ ഫോമൗട്ടായതാണ് മൂന്നാമത്തെ തിരിച്ചടി. ആദ്യ മത്സരത്തിൽ 21 പന്തുകൾ നേരിട്ട് 19 റൺസെടുത്ത ഹർദ്ദിക് മൂന്നാം മത്സരത്തിൽ 17 പന്തുകൾ നേരിട്ട് 15 റൺസാണ് എടുത്തത്. രണ്ടാം മത്സരത്തിൽ ഹർദ്ദിക് കളിച്ചില്ല.

തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ട രാഹുലിനെ പുറത്തിരുത്തുമോ എന്നതാണ് അറിയേണ്ടത്. ഫോമിലേക്കെത്താൻ രാഹുലിനെ ടീമിൽ നിലനിർത്തുമെന്നാണ് കരുതുന്നത്. അപ്പോൾ, കിഷനെ മൂന്നാം നമ്പറിലിറക്കി കോലി നാലാം നമ്പറിൽ തന്നെ കളിക്കേണ്ടിവരും. രണ്ടാം മത്സരത്തിൽ ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ച വച്ച കിഷനെ മാറ്റുക എന്നത് ക്രൂരതയാണ്. ഒരു കളി ഇറക്കി, ആ കളി ബാറ്റിംഗ് ചെയ്യാതിരുന്നിട്ടും അടുത്ത കളിയിൽ ടീമിൽ നിന്നു മാറ്റിയ സൂര്യകുമാറിന് അവസരം നൽകാതിരിക്കുന്നതും ക്രൂരതയാണ്. ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുക എന്നതാണ് ചെയ്യാൻ കഴിയുന്നത്. പക്ഷേ, കഴിഞ്ഞ കളികളിലൊക്കെ ഡീസൻ്റ് കാമിയോകൾ കളിച്ച പന്തിനെ പുറത്തിരുത്തുക എന്നത് അത്ര എളുപ്പം സാധിക്കുന്നതുമല്ല. കോലി വിശ്രമം എടുത്ത് പകരം സൂര്യകുമാർ ടീമിലെത്തിയാൽ ടീം കോമ്പിനേഷന് കൃത്യത വരും. പക്ഷേ, ടീമിൽ ആകെ സ്ഥിരതയോടെ കളിക്കുന്ന കോലിയെ മാറ്റുന്നത് തിരിച്ചടിക്കുമോ എന്നത് മറ്റൊരു ചോദ്യമാണ്.

ബൗളർമാരെ പരിഗണിക്കുമ്പോൾ യുസ്‌വേന്ദ്ര ചഹാലിൻ്റെ ഫോമും പ്രശ്നമാണ്. 4-44-1, 4-34-1, 4-41-1 എന്നിങ്ങനെയാണ് മൂന്ന് ടി-20കളിൽ ചഹാലിൻ്റെ ബൗളിംഗ് പ്രകടനങ്ങൾ. വിക്കറ്റ് കോളത്തിലുണ്ടെങ്കിലും മോശം എക്കണോമി ഇന്ത്യയെ പിന്നോട്ടടിക്കുന്നുണ്ട്. ടി-20 ലോകകപ്പ് ടീം പരിഗണിക്കുമ്പോൾ ചഹാലിനു പകരക്കാരനെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചു. രാഹുൽ ചഹാറിനെ കോലി പരീക്ഷിക്കുമോ എന്നതാണ് സംശയം. ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളർ അക്സർ പട്ടേലിനെയും പരീക്ഷിക്കാം. എന്തായാലും ടീം മാനേജ്മെൻ്റിനു തലവേദനയാണ്.

Story Highlights – india england 4th t20 today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top