റബ്ബറിന്റെ തറവില 250 രൂപയാക്കും; കര്‍ഷകരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക

റബ്ബറിന്റെ തറവില 250 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്ത് എല്‍ഡിഎഫിന്റെ പ്രകടന പത്രിക. കര്‍ഷകരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികളും പ്രകടന പത്രികയിലുണ്ട്. എകെജി സെന്ററില്‍ നടന്ന ചടങ്ങിലാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

രണ്ട് ഭാഗമായാണ് പ്രകടന പത്രിക രൂപീകരിച്ചിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിന് തുടര്‍ച്ചായായി 900 നിര്‍ദ്ദേശങ്ങളുമുണ്ട്. ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. നാല്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങളാണ് ഈ പ്രകടനപത്രികയിലുള്ളത്.

 • കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികളും പ്രകടന പത്രികയിലുണ്ട്. ആരോഗ്യ വിദ്യാഭ്യാസമേഖലയെ ലോകോത്തരമാക്കും. ക്ഷേമ പെന്‍ഷനുകള്‍ ഘട്ടം ഘട്ടമായി 2500 രൂപയായി വര്‍ധിപ്പിക്കും. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും.
 • പൊതുമേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള സമീപനവും പ്രകടന പത്രികയിലുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടി രൂപയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്.

Read Also : ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കും; വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; എല്‍ഡിഎഫ് പ്രകടന പത്രിക

 • സൂക്ഷ്മ ചെറുകിട – ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്‌കീമുകള്‍ തയാറാക്കും.
 • 60,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ പ്രവര്‍ത്തികള്‍ നടപ്പിലാക്കും.
 • ദാരിദ്ര നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം വരെ വികസന സഹായ വായ്പ നല്‍കും.
 • പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
 • പാല്‍, മുട്ട, പച്ചക്കറി എന്നിവയില്‍ സ്വയംപര്യാപ്തത നേടുന്നതിനുള്ള പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
 • റബ്ബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കുന്നതിന് നിര്‍ദ്ദേശം
 • തീരദേശ വികസനത്തിന് 500 കോടിരൂപയുടെ പാക്കേജും മുന്നോട്ടുവയ്ക്കുന്നുണ്ട്.
 • മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഉറപ്പു വരുത്തും.
 • വിപുലമായ വയോജന സങ്കേതങ്ങള്‍, വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക പരിഗണന.

Read Also : 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എല്‍ഡിഎഫ് പ്രകടന പത്രിക

 • ഉന്നത വിദ്യാഭ്യാസ രംഗം വിപുലപ്പെടുത്തും. കൂടുല്‍ സൗകര്യങ്ങള്‍ ഒരുക്കും.
 • അടുത്തവര്‍ഷം ഒന്നരലക്ഷം വീടുകള്‍ നിര്‍മിക്കും.
 • ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന.
 • 2040 വരെ വൈദ്യുതിക്ഷാമം ഇല്ലായെന്ന് ഉറപ്പുവരുത്തുന്ന പതിനായിരം കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ പൂര്‍ത്തീകരണം.
 • പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പദ്ധതി.
 • കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തും.
 • കേരളാ ബാങ്ക് വിപുലീകരിച്ച് എന്‍ആര്‍ഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്കായി മാറ്റും.
 • സോഷ്യല്‍ പൊലീസിംഗ് സംവിധാനം ശക്തിപ്പെടുത്തും.
 • ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് നടപ്പിലാക്കും.
 • സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ പൊതുമേഖലാ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ റൂളുകള്‍ക്ക് രൂപം നല്‍കുകയും നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുകയും ചെയ്യും.
 • കാര്‍ഷിക കടാശ്വാസ കമ്മീഷന്‍, മത്സ്യമേഖല കടാശ്വാസ കമ്മീഷന്‍, വിദ്യാഭ്യാസ വായ്പ സമാശ്വാസ പ്രവര്‍ത്തനം എന്നിവ തുടരും.
 • ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന.
 • പ്രോഗ്രസ് റിപ്പോര്‍ട്ട് വര്‍ഷംതോറും പ്രസിദ്ധീകരിക്കും
 • ബദല്‍ നയങ്ങള്‍ ശക്തമായി നടപ്പിലാക്കും. അത് ഇന്ത്യയ്ക്ക് മാതൃകയായും.
 • മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കും.

എന്നിവയാണ് പ്രകടന പത്രികയില്‍ പ്രധാനമായുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനക്ഷേമപ്രവര്‍ത്തനവുമാണ് എല്‍ഡിഎഫിന് കരുത്താകുന്നതെന്ന് എ. വിജയരാഘവന്‍ പ്രകടന പത്രിക പുറത്തിറക്കി പറഞ്ഞു. ജനക്ഷേമ പരിപാടികള്‍ക്കൊപ്പം മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇടതുസര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ സാധിക്കുന്ന പ്രകടന പത്രികയാണ് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights -ldf manifesto 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top